മാനസികരോഗ്യ ആശുപത്രികളിലും മറ്റ് മാനസികാരോഗ്യ കേന്ദ്രങ്ങളിലും ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് വാക്സിന് നല്‍കണമെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ഉടനടി കോവിഡ് വാക്സിന് ലഭ്യമാക്കേണ്ടതുണ്ട്. ഇതുസംബന്ധിച്ച നിര്‍ദേശം കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്കി.
രാജ്യ വ്യാപകമായി വിവിധ കേന്ദ്രങ്ങളില്‍ മാനസിക വെല്ലുവിളി നേരിടുന്ന ആയിരകണക്കിന് ആളുകള്‍ ചികിത്സയിലുണ്ട്. ഇവരെ പുനരധിവസിപ്പിക്കുന്നതിന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം നിര്‍ദേശിച്ചത്. ജസ്റ്റിസുമാരായ ചന്ദ്രചൂഡ്, എം. ആര്. ഷാ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഇക്കാര്യം നിര്‍ദേശിച്ചത്. ഇക്കാര്യത്തില്‍ കൃത്യമായ പട്ടിക തയാറാക്കി മുന്‍ഗണന അടിസ്ഥാനത്തില്‍ വാക്സിന് ലഭ്യമാക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ മാധവി ദവാന്‍ കോടതിയെ അറിയിച്ചു.
മാനസിക വെല്ലുവിളി നേരിടുന്നവരെ പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച വിഷയം പഠിക്കാനായി സുപ്രീം കോടതി നേരത്തെ ഗൗരവ് കുമാര്‍ ബന്‍സാലിനെ അമിക്കസ് ക്യൂരിയായി നിയമിച്ചിരുന്നു. അമിക്കസ് ക്യൂരിയാണ് ഇവര്‍ക്ക് വാക്സിന് ലഭ്യമാകുന്നില്ലെന്ന വിവരം സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന മാനസിക പ്രശ്നങ്ങള്‍ ഉള്ളവരെ അനാഥമന്ദിരങ്ങളിലേക്കും അഗതി മന്ദിരത്തിലേക്കും മാറ്റുന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടിയ്ക്കെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തു. ഇത്തരം നടപടികള്‍ അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി അന്ത്യശാസനം നല്കി.