പുലിസ്റ്റര്‍ പുരസ്കാരം നേടിയ ഇന്ത്യന്‍ ഫോട്ടോജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖി (40) അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു. കാണ്ഡഹാറിലെ സ്പിന്‍ ബോല്‍ദാക് ജില്ലയില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്. റോയിട്ടേഴ്സ് ഫോട്ടോ വിഭാഗം തലവനാണ്. അഫ്ഗാന് മാധ്യമമായ ടോളോ ന്യൂസാണ് വാര്‍ത്ത പുറത്തുവിട്ടത്. അഫ്ഗാനിസ്ഥാന് സൈന്യത്തിനൊപ്പമാണ് ഡാനിഷ് യുദ്ധമേഖലയില്‍ എത്തിയത്. പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന അഫ്ഗാന് മേഖലയിലാണ് ഡാനിഷ് ഉണ്ടായിരുന്നതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
സേനയുടെ വാഹനങ്ങളെ താലിബാന് റോക്കറ്റുകള്‍ ലക്ഷ്യമിടുന്നതിന്റെ ഗ്രാഫിക് ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് മൂന്നു ദിവസം മുമ്പ് പുറത്തുവന്നിരുന്നു.
റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ ദുരിതം പകര്‍ത്തിയതിനാണ് സിദ്ദിഖിക്ക് 2018ല്‍ പുലിറ്റ്സര്‍ പുരസ്കാരം ലഭിച്ചത്. നേപ്പാള്‍ ദൂകമ്പം, ഡല്‍ഹിയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം, ഇന്ത്യയിലെ കോവിഡ് ദുരന്തം എന്നിവയുമായി ബന്ധപ്പെട്ട് സിദ്ദിഖി പകര്‍ത്തിയ ചിത്രങ്ങള്‍ ലോകശ്രദ്ധ നേടിയിരുന്നു.
ഡല്‍ഹിയിലെ ശ്മശാനങ്ങളില്‍ കോവിഡ് രണ്ടാം തരംഗത്തില്‍ കൊല്ലപ്പെട്ട മനുഷ്യരുടെ മൃതശരീരങ്ങള്‍ കൂട്ടത്തോടെ ദഹിപ്പിക്കുന്ന സിദ്ദിഖിയുടെ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഡാനിഷ് സിദ്ദിഖിയുടെ നിര്യാണത്തില്‍ അനുശോചിച്ച് ഇന്ത്യയിലെ അഫ്ഗാനിസ്ഥാന് അംബാസഡര്‍ ഫരീദ് മാമുന്ദ്സെ ട്വീറ്റ് ചെയ്തു: ''ഇന്നലെ രാത്രി കാണ്ഡഹാറില്‍ വച്ച് സുഹൃത്ത് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടതിന്റെ ദുഃഖകരമായ വാര്‍ത്തയില്‍ ആഴത്തില്‍ അസ്വസ്ഥനാണ്. ഇന്ത്യന്‍ ജേണലിസ്റ്റും പുലിറ്റ്സര്‍ സമ്മാനം ജേതാവുമായ ഡാനിഷ് സിദ്ദിഖി അഫ്ഗാന് സുരക്ഷാ സേനയ്ക്കൊപ്പം റിപ്പോര്‍ട്ടിങ്ങിലായിരുന്നു. കാബൂളിലേക്ക് പുറപ്പെടുന്നതിന് 2 ആഴ്ച മുമ്പ് ഞാന്‍ അദ്ദേഹത്തെ കണ്ടിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും റോയിട്ടേഴ്സിനും അനുശോചനം.'