കോവിഡ് 19 രോഗബാധിതരായവരെ സഹായിക്കുന്നതിന് 'സഹായത്തിനൊരു സവാരി' എന്ന പേരില്‍ സംഘടിപ്പിച്ച സൈക്കിള്‍ റാലിയില്‍ നൂറോളം പേര്‍ പങ്കെടുത്തു. കോവിഡ് നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ചു നടന്ന റാലി നയാഗ്ര റീജിയണല്‍ കൗണ്‍സിലര്‍ ബോബ് ഗെയ്ല്‍സ് ഫ്‌ലാഗ് ഓഫ് ചെയ്തു. കോവിഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകത ചടങ്ങു ഉത്ഘാടനം ചെയ്തു കൊണ്ട് ബോബ് ഗെയ്ല്‍സ് പറഞ്ഞു. സാമൂഹിക അകലം പാലിച്ചു റാലിക്ക് തയാറായി നിന്നവരെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. നയാഗ്ര മേഖലയില്‍ വളര്‍ന്നു വരുന്ന മലയാളി കൂട്ടായ്മയുടെ ഏത് ആവശ്യത്തിനും തന്നെ സമീപിക്കാമെന്നും ബോബ് ഗെയ്ല്‍സ് കൂട്ടിച്ചേര്‍ത്തു.
2020 ജനുവരിക്ക് ശേഷം നയാഗ്ര മലയാളികളെ അണിനിരത്തിക്കൊണ്ടു നടക്കുന്ന ആദ്യ പരിപാടിയായിരുന്നു സൈക്കിള്‍ റാലി. കോവിഡ് ദുരിതം അനുഭവിക്കുവര്‍ക്ക് സഹായമൊരുക്കുന്നതിന്റെയും സാമൂഹിക അകലം പാലിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു പരിപാടി കൊണ്ട് ലക്ഷ്യമിട്ടത്. കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെ അന്‍പതിലേറെ പേര്‍ സൈക്കിള്‍ റാലിയില്‍ പങ്കെടുത്തു. ഇവരെ കൂടാതെ അന്‍പതോളം പേര്‍ റാലി കാണാനും എത്തിച്ചേര്‍ന്നു. നയാഗ്ര ഫാള്‍സിലെ റിവര്‍ സൈഡ് പാര്‍ക്കില്‍ നിന്ന് ആരംഭിച്ച സവാരി 25 കിലോമീറ്റര്‍ ദൂരെയുള്ള ഫോര്‍ട്ട് ഏറി വരെ നീണ്ടു. അല്‍പ സമയത്തെ വിശ്രമത്തിനു ശേഷം തിരിച്ചു ഫോര്‍ട്ട് ഏറിയില്‍ നിന്ന് നയാഗ്ര ഫാള്‍സിലേക്ക്. ആകെ 50 കിലോമീറ്റര്‍ ദൂരത്തിലായിരുന്നു പരിപാടി. രാവിലെ 8:30നു തുടങ്ങിയ പരിപാടി ഉച്ചക്ക് ഒരുമണിയോടെ സമാപിച്ചു.
നയാഗ്ര മലയാളി സമാജത്തിന്റെ തണല്‍ മരം പദ്ധതിയുടെ കീഴില്‍ ഉള്‍പ്പെടുത്തി, കോവിഡ് ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നതിനുള്ള പദ്ധതികള്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ തന്നെ ഈ വര്‍ഷവും തുടരുമെന്ന് നയാഗ്ര മലയാളി സമാജം പ്രസിഡന്റ് ബൈജു പകലോമറ്റം പറഞ്ഞു.
നയാഗ്ര റീജിയണിലെ മലയാളികള്‍ക്കായി കഴിഞ്ഞയാഴ്ച പിക്നിക്കും സംഘടിപ്പിച്ചിരുന്നു. കോവിഡ് നിയന്ത്രങ്ങള്‍ക്ക് കൂടുതല്‍ ഇളവനുവദിക്കുന്ന മുറക്ക് കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് നയാഗ്ര മലയാളി സമാജം സെക്രട്ടറി എല്‍ഡ്രിഡ് കാവുങ്കല്‍ പറഞ്ഞു. അതിന്റെ ആദ്യ പടി എന്ന രീതിയിലാണ് പിക്നിക് സംഘടിപ്പിച്ചത്. ഓഗസ്റ്റ് 21നു തിരുവോണ ദിനത്തിലാണ് നയാഗ്ര മലയാളി സമാജത്തിന്റെ ഓണാഘോഷം നിശ്ചയിച്ചിരിക്കുന്നത്.
പ്രസിഡന്റ് ബൈജു പകലോമറ്റം, വൈസ് പ്രസിഡന്റ് ബിമിന്‍സ് കുര്യന്‍, സെക്രട്ടറി എല്‍ഡ്രിഡ് കാവുങ്കല്‍, ട്രഷറര്‍ ടോണി മാത്യു, ജോയിന്റ് സെക്രട്ടറി കവിത പിന്റോ, ജോയിന്റ് ട്രഷറര്‍ ബിന്ധ്യ ജോയ്, കമ്മിറ്റി അംഗങ്ങളായ ആഷ്ലി ജോസഫ്, രാജേഷ് പാപ്പച്ചന്‍,നിത്യ ചാക്കോ, സുനില്‍ ജോക്കി, റോബിന്‍ ചിറയത്, മധു സിറിയക്, സജ്ന ജോസഫ്, ലക്ഷ്മി വിജയ്, ഓഡിറ്റര്‍ പിന്റോ ജോസഫ്, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ജയ്‌മോന്‍ മാപ്പിളശ്ശേരില്‍, ഡെന്നി കണ്ണൂക്കാടന്‍, കോശി കാഞ്ഞൂപ്പറമ്പന്‍ ഉപദേശക സമിതി അംഗങ്ങായ സുജിത് ശിവാനന്ദ്, വര്‍ഗീസ് ജോസ്, രാജീവ് വാരിയര്‍, ഷെഫീഖ് മുഹമ്മദ്, പ്രസാദ് മുട്ടേല്‍ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു ഇരു പരിപാടികളും സംഘടിപ്പിച്ചത്.