രണ്ടു നൂറ്റാണ്ടോളം നീണ്ട ബ്രിട്ടീഷ് ഭരണത്തിന് അറുതി വരുത്തിയ ദിവസമാണിന്ന്. ഒരു സാധാരണ പോരാട്ടമായിരുന്നില്ല ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം. ആയുധത്തെക്കാള്‍ പലപ്പോഴും ആശയങ്ങളാണ് അതിനെ നയിച്ചത്. നാടിന്റെ അഭിമാനം കാത്തുരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരായ നേതാക്കന്മാരുടെ വാക്കുകള്‍ സമരമുഖത്തേക്ക് ജനകോടികളെ ആകര്‍ഷിച്ചു. സ്വാതന്ത്ര്യത്തിനായുള്ള യാത്രയില്‍ ആയുസ്സും ആരോഗ്യവും ത്യജിച്ച അനേകായിരം രാജ്യസ്നേഹികളുടെ ജ്വലിക്കുന്ന ഓര്‍മ്മകളോടെ ഈ ദിനം നമുക്ക് ആചരിക്കാം. മുന്നേറ്റത്തിന്റെയും സമഭാവനയുടെയും കഥകളാണ് ഓരോ സ്വാതന്ത്ര്യദിനവും നമ്മെ ഓര്‍മിപ്പിക്കുന്നത്. ജാതി, മത സാംസ്കാരിക ഭേദങ്ങളും ഭാഷാ ഭൂപ്രകൃതി വ്യത്യാസങ്ങള്‍ക്കും അതീതമായി ഒരൊറ്റ ഇന്ത്യയ്ക്ക് വേണ്ടി നമുക്ക് പോരാടാം. ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വമെന്ന മന്ത്രം ലോകത്തിനു മുന്നില്‍ മാതൃകയായി കാഴ്ച വയ്ക്കാം.
ലോകജനതയെ ആകെ പിടിച്ചുലച്ച ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനെടുത്ത കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലാണ് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷത്തിലേക്കു കടക്കുന്നത്. ഈ അവസരത്തില്‍ ലോകത്തിനു മുഴുവന്‍ ശാന്തിയും സമാധാനവും രോഗമുക്തിയും ലഭിക്കുമാറ് ശാസ്ത്ര പുരോഗതിയുണ്ടാവട്ടെ എന്നുകൂടി ആശംസിക്കുകയാണ്.
മഹത്തായ സ്വാതന്ത്ര്യ സമരത്തിന്റെ മൂല്യങ്ങള്‍ എല്ലാം തകര്‍ക്കെപ്പെടുന്ന ദുഖകരമായ ഒരു കാഴ്ചയാണ് ഇന്ന് ഇന്ത്യയില്‍ കാണുന്നത്. മതവര്‍ഗ്ഗീയവാദികള്‍ സകല മേഖലകളിലും പിടി മുറുക്കിയിരിക്കുകയാണ്. ലോകത്തിനു മുഴുവന്‍ മാതൃകയായ ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യവും മാറ്റിയെഴുതാനുള്ള പുറപ്പാടിലാണ് സംഘപരിവാര്‍ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ഭരണകൂടം. കോവിഡ് 19 എന്ന മാരകരോഗത്തിന്റെ പിടിയില്‍ അമര്‍ന്നു ഇന്ത്യന്‍ ജനത കഷ്ടപ്പെടുമ്പോള്‍ ഈ മഹാമാരിയുടെ മറവില്‍ ഇന്ത്യാ മഹാരാജ്യത്തെതന്നെ കുത്തക മുതലാളിമാര്‍ക്കും സാമ്രാജ്യത്വ ശക്തികള്‍ക്കും വില്‍ക്കാനും അടിയറവെക്കാനുമുള്ള വ്യഗ്രതയിലാണ് മോദി ഭരണകൂടം. അതിന് എതിര്‍പ്പുകളുയരാതിരിക്കാനും അതില്‍ നിന്നും ശ്രദ്ധ തിരിക്കാനുമായി രാമക്ഷേത്ര നിര്‍മ്മാണം എല്ലാവരുടേതുമാകേണ്ട ഭരണകൂടം തന്നെ സ്വയം ഏറ്റെടുക്കുകയും വിശ്വാസികളുടെ വൈകാരികമായ പിന്തുണ നേടി വര്‍ഗ്ഗീയ ചേരിതിരിവു സൃഷ്ടിച്ച് മുതലെടുക്കാനും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യ സമരത്തിന്റെ ഒരു പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത ഇക്കൂട്ടര്‍ മഹാത്മാ ഗാന്ധിയെയും നെഹ്റുവിനേയും പോലുള്ള നേതാക്കളെ പോലും തള്ളിപ്പറയുന്നു. ഈ അവസരത്തില്‍ ഇന്ത്യന്‍ ഭരണഘടന കാത്തു സൂക്ഷിക്കുമെന്നും ഇന്ത്യയുടെ മതേതര ജനാധിപത്യത്തെ ശക്തിപ്പെടുത്താനുതകും വിധം പ്രവര്‍ത്തനസജ്ജരാകുമെന്നും നമക്ക് പ്രതിജ്ഞയെടുക്കാം.
സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത ധീര യോദ്ധാക്കളുടെയാകെ സ്മരണയ്ക്ക് മുമ്പില്‍ സമീക്ഷ യുകെ സ്മരണാഞ്ജലികള്‍ അര്‍പ്പിക്കുന്നു
'സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്കു
മൃതിയെക്കാള്‍ ഭയാനകം'