ചക്ക സീസണായാല്‍ ഏതൊരു മലയാളിയുടേയും നാവ് ഒരു ചക്കചുളയ്ക്ക് വേണ്ടി കൊതിക്കാറുണ്ട്. എവിടെ നിന്നും എന്ത് വിലകൊടുത്തും ചക്ക ലഭിക്കാന്‍ ആഗ്രഹിക്കാത്ത ഒരു മലയാളിയും ഉണ്ടാകില്ല. ഇപ്പോഴിതാ ചക്കകൊതിയുള്ള യുകെയിലെ മലയാളികള്‍ക്കായി ഇടുക്കിയില്‍ നിന്നും ചക്ക എത്തുകയാണ്.
കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റിയും സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനും ചേര്‍ന്നാണ് ഇടുക്കിയില്‍ നിന്ന് 'തൊലികളഞ്ഞ ചക്ക' യുകെയിലേക്ക് കയറ്റി അയക്കുന്നത്. ഇതിന്റെ ഫ്ലാഗ് ഓഫ് ഇന്ന് വെര്‍ച്വലായി നടന്നു. എപിഇഡിഎ ജനറല്‍ മാനേജര്‍മാരായ എസ് എസ് നയ്യാര്‍, യു കെ വാട്സ്, എപിഇഡിഎ സെക്രട്ടറി ഡോ സുധാംശു, സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് എംഡി ആരതി എല്‍ആര്‍, ഐഇഎസ്, കയറ്റിറക്കുമതിക്കാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഫ്ലാഗ് ഓഫ് ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്തു.
കേരളത്തിലെ ചക്കയുടെ പ്രചാരം കണക്കിലെടുത്താണ് വാണിജ്യ അടിസ്ഥാനത്തില്‍ കയറ്റുമതി ചെയ്യാന്‍ തീരുമാനിച്ചത്. തൊലികളഞ്ഞ ചക്കയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനും കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനും എല്ലാ വിഭാഗം ഉപഭോക്താക്കള്‍ക്കും എളുപ്പത്തില്‍ എത്തിക്കുന്നതിനും എപിഇഡിഎ സൗകര്യമൊരുക്കുന്നുണ്ട്. വൃത്തിയുള്ള ചുറ്റുപാടില്‍ അതീവ ശ്രദ്ധയോടെയാണ് ചക്കയുടെ തൊലി കളയുന്നത്. ഇത് ഓരോ രാജ്യത്തെയും ഇറക്കുമതി മാനദണ്ഡങ്ങള്‍ക്ക് വിധേയമായി പരിശോധിച്ച് പാക്ക് ചെയ്യുകയാണ്. രണ്ട് ഘട്ടങ്ങളിലായുള്ള പാക്കിങിന് ശേഷമാണ് ഇവ കയറ്റി അയക്കുന്നത്. പാക്ക് ചെയ്ത തീയതി മുതല്‍ 12-14 ദിവസം വരെയാണ് ഉല്‍പ്പത്തിന്റെ ഷെല്‍ഫ് ലൈഫ്.