വിവാഹം എങ്ങനെയും വ്യത്യസ്തമാക്കാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മള്. അതൊരു പ്രണയ വിവാഹം ആണെങ്കിലോ അതില്‍ ഓര്‍ക്കാന്‍ എന്തെങ്കിലും ഉള്ളത് കൂടി ഉണ്ടാകണം എന്നാണ് ആഗ്രഹിക്കുക. അതുപോലെ തങ്ങളുടെ പ്രണയം ഫ്ളൈറ്റില്‍ വെച്ച് സാക്ഷാത്കരിച്ച രണ്ടു പേരാണ് വാര്‍ത്തകളില്‍ നിറയുന്നത്.
രണ്ട് വര്‍ഷത്തെ പ്രണയം വിവാഹത്തിലെത്താന്‍ പോകുന്നു എന്ന സന്തോഷത്തിലായിരുന്നു പാം പാറ്റേഴ്സണും ജെറമി സല്ഡയും. ഈ മാസം തന്നെ അതിന് ദിവസവും കണ്ടെത്തി. ഒക്ലഹോമ സ്വദേശികളായ ഇരുവരും ലോസ് വെഗാസില്‍ വച്ചാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. അങ്ങനെ വിവാഹദിവസം ഒരുങ്ങി ഇരുവരും എയര്‍പോര്‍ട്ടിലെത്തി. എന്നാല്‍ അവിടെ വെച്ചാണ് അവര്‍ക്കൊരു വലിയ ട്വിസ്റ്റ് സംഭവിച്ചത്. ഫ്ളൈറ്റ് കിട്ടുന്നതിന് സമയതാമസം ഉണ്ടെന്ന് അറിയിപ്പ് വന്നു. എന്നാലും രണ്ടുപേരും അക്ഷമയോടെ എയര്‍പോര്‍ട്ടില്‍ കാത്തുനിന്നു. അപ്പോഴാണ് നിയുക്ത മന്ത്രിയായ ക്രിസ് കില്ഗോറയെ അവിടെ വെച്ച് പരിചയപ്പെടുന്നത്.
ഇവരുടെ പ്രണയവും വിവാഹവും എല്ലാം മനസ്സിലാക്കിയ ക്രിസ് പ്രണയ ജോഡികളെ സഹായിക്കാന്‍ തീരുമാനിച്ചു. വൈകാതെ മൂവരും ഒരുമിച്ച് ഒരു ഫ്ളൈറ്റില്‍ ലോസ് വെഗാസില്‍ പോകാന്‍ തീരുമാനിച്ചു. അപ്പോഴാണ് ഫ്ളൈറ്റില്‍ കയറിയപ്പോള്‍ അടുത്ത ട്വിസ്റ്റ്. ഫ്ളൈറ്റിലെ പൈലറ്റ് പാറ്റേഴ്സണ്‍- ജെറമി ജോഡിയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വിവാഹവസ്ത്രത്തിലെത്തിയ യാത്രക്കാരിയെയും യാത്രക്കാരനെയും സഹയാത്രക്കാരും കൗതുകപൂര്‍വം നോക്കി. ഇങ്ങനെയാണെങ്കില്‍ ഫ്ളൈറ്റില്‍ വച്ചുതന്നെ വിവാഹം കഴിക്കാമായിരുന്നു എന്ന് ഇരുവരും തമാശരൂപത്തില്‍ പറഞ്ഞത് കേട്ട പൈലറ്റ്, അത് ചെയ്യാമെന്നായി. അവരുടെ ആഗ്രഹം സഫലീകരിക്കാം എന്ന് ഉറപ്പു നല്കി. അങ്ങനെ അപ്രതീക്ഷിതമായി ഇരുവര്‍ക്കും ഫ്ളൈറ്റില്‍ വിവാഹത്തിനുള്ള ഒരുക്കങ്ങളായി.
തങ്ങളുടെ പ്രണയത്തിന് ആ ഫ്ളൈറ്റിലെ എല്ലാ യാത്രക്കാരും സാക്ഷ്യം വഹിച്ചു. ക്രിസിന്റെ മേല്‍നോട്ടത്തില്‍ യാത്രക്കാരെല്ലാം ചേര്‍ന്ന് അതൊരു ആഘോഷമാക്കി. യാത്രക്കാര്‍ക്കിടയില്‍ തന്നെയുണ്ടായിരുന്ന വനിതാ ഫോട്ടോഗ്രാഫര്‍ ഇവരുടെ വിവാഹം തന്റെ ക്യാമറയില്‍ പകര്‍ത്തി. ഫ്ളൈറ്റില്‍ ലഭ്യമായിരുന്ന നോട്ട്ബുക്കില്‍ യാത്രക്കാരെല്ലാം ഇരുവര്‍ക്കും വിവാഹമംഗളങ്ങള്‍ നേര്‍ന്നുകൊണ്ട് രണ്ടുവരി വീതം കുറിച്ചു. ഒരു ഫ്ളൈറ്റ് വിവാഹ പാര്‍ട്ടിയുടെ അന്തരീക്ഷത്തില്‍ മഹനീയമായി എന്ന് വേണം പറയാന്‍. പാട്ടും ഡാന്‍സുമൊക്കെയായി 'എയറില്‍' ഒരു അടിപൊളി വിവാഹം.