ഗുജറാത്തില്‍ പലയിടങ്ങളില്‍ ഒന്നിലധികം ഇടങ്ങളില്‍ വലിയ ലോഹപന്തുകള്‍ ഭൂമിയിലേക്ക് വീണത് ഞെട്ടലുണ്ടാക്കി. കഴിഞ്ഞ ദിവസമാണ് 1.5 മീറ്റര്‍ വ്യാസം വരുന്ന ഗോളാകൃതിയിലുളള ലോഹരൂപം ആകാശത്ത് നിന്ന് വീണത്. കഴിഞ്ഞ വ്യാഴം, വെളളി ദിവസങ്ങളിലായിട്ടാണ് ഇവ ഭൂമിയിലേക്ക് വീണത്. ആനന്ദ് ജില്ലയിലെ ദഗ്ജിപുര, ഖാംഭോലാജ്, രാംപുര വില്ലേജുകളിലും അയല്‍ജില്ലയായ ഖേഡയിലെ ഭൂമേല്‍ വില്ലേജിലുമാണ് ഈ ഗോളങ്ങള്‍ വീണത്. പരിഭ്രാന്തരായ ജനങ്ങള്‍ സംഭവം പോലീസില്‍ അറിയിക്കുകയായിരുന്നു.
നാലിടങ്ങളില്‍ ഇത്തരം അജ്ഞാതവസ്തു വീണതായി ആനന്ദ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ബി.ഡി ജഡേജ സ്ഥിരീകരിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. ഗോളങ്ങള്‍ ഇപ്പോള്‍ ആനന്ദ് പോലീസിന്റെ കൈകളിലാണ്. ബഹിരാകാശ പേടകങ്ങളിലെ സ്റ്റോറേജ് ടാങ്കിന്റെ ഭാഗങ്ങളോ ചൈനീസ് റോക്കറ്റുകളുടെ അവശിഷ്ടങ്ങളോ ആകാമെന്ന് വിദഗ്ധര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ വസ്തുവിന്റെ വിശദമായ പരിശോധനയ്ക്ക് ഐഎസ്ആര്‍ഒയുടെ സേവനം തേടിയതായി പോലീസ് പറഞ്ഞു. അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയെയും ഇതേ ആവശ്യവുമായി പോലീസ് സമീപിച്ചിട്ടുണ്ട്.
ഇത്തരം വസ്തുക്കള്‍ ചൈനീസ് റോക്കറ്റായ ചാങ് ജെങ് 3 ബിയുടെ അവശിഷ്ടങ്ങളാകാനാണ് സാദ്ധ്യതയെന്ന് അമേരിക്ക ആസ്ഥാനമായുളള ജ്യോതിശാസ്ത്ര വിദഗ്ധന്‍ ജോനാഥന് മക്ഡോവല്‍ ട്വിറ്ററില്‍ കുറിച്ചു. 2021 സെപ്തംബറില്‍ വിക്ഷേപിച്ച ചാങ് ജെങ് 3 ബി പരമ്ബരയിലെ വൈ 86 റോക്കറ്റ് അന്തിമ ഭ്രമണ പഥത്തിലേക്ക് വീണ്ടും പ്രവേശിക്കുന്നത് 12 നാണ്.
അണ്ഡാകൃതിയിലുളള ഈ ഭ്രമണ പഥത്തിലേക്കുളള പ്രവേശനം ദുഷ്കരമാണെന്നും ജോനാഥന് മക്ഡോവല്‍ വിശദീകരിച്ചിരുന്നു. ഇത്തരം ഗോളാകൃതിയിലുളള ലോഹഭാഗങ്ങള്‍ റോക്കറ്റുകളിലും മറ്റും ഇന്ധന ടാങ്കുകളില്‍ ഉപയോഗിക്കുന്നവയാണെന്ന് മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന് ബിഎസ് ഭാട്ടിയയും വ്യക്തമാക്കിയിട്ടുണ്ട്.