തങ്ങളുടെ കമ്പനി ഉത്പ്പന്നമായ കുട ചൂടി പോകുന്ന ഉപഭോക്താവിന് മഴയില്‍ നിന്നും വെയിലില്‍ നിന്നും സുരക്ഷ ഉറപ്പാക്കാനാണ് ഏതൊരു കുട നിര്‍മ്മാതാക്കളും ആഗ്രഹിക്കുന്നത്. നിരവധി കുട ബ്രാന്റുകളുള്ള വിപണിയില്‍ അതിനു വേണ്ടിയുള്ള മത്സരവും നടക്കുന്നുണ്ട്. എന്നാല്‍ അത്തരത്തില്‍ ഒരു വാക്ദാനവും നല്‍കാതെ കുട ചൂടിയാല്‍ മഴ നനയും എന്ന് ഉറപ്പുണ്ടായിട്ടും ഒരു കുട വിപണിയില്‍ ഇറങ്ങിയിരിക്കുകയാണ്. അതും ഒട്ടും പ്രതീക്ഷിക്കാത്ത വിലയില്‍.
ലോകത്തിലെ ആഡംബര ബ്രാന്‍ഡായ ഗൂചിയും സ്പോര്‍ട്സ് വെയര്‍ കമ്പനിയായ അഡിഡാസും ചൈനയില്‍ ആണ് മഴയെ തടയാത്ത കുട വില്‍ക്കാന്‍ ഒരുങ്ങുന്നത്.
അതിന്റെ വില 11,000 യുവാന്‍ അതായത് ഏകദേശം 1.27 ലക്ഷം രൂപയാണ്. മഴയെ തടയാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ ഇങ്ങനൊരു കുട കൊണ്ട് എന്ത് പ്രയോജനം?. മഴയില്‍ നിന്ന് രക്ഷനേടാന്‍ വേണ്ടിയല്ല തങ്ങള്‍ ഈ കുട ഉണ്ടാക്കിയതെന്നാണ് കമ്പനികള്‍ പറയുന്നത്. ഈ കുട വാടര്‍പ്രൂഫ് അല്ലെന്നും സൂര്യന്റെ ചൂടില്‍ നിന്നുള്ള സംരക്ഷണത്തിനോ അലങ്കാര ഉപയോഗത്തിനോ ഉദ്ദേശിച്ചുള്ളതാണെന്നും ഗുചി വ്യക്തമാക്കി.
ഈ കുട സംബന്ധിച്ച് ചൈനയിലെ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച ഉയര്‍ന്നിട്ടുണ്ട്. ചൈനയിലെ സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമായ വെയ്ബോയില്‍ ഈ കുടയുമായി ബന്ധപ്പെട്ട പോസ്റ്റ് വൈറലായി. കുടയെ ആളുകള്‍ രൂക്ഷമായി ട്രോളുകയാണ്. അടുത്ത മാസം ചൈനീസ് വിപണിയില്‍ ഈ കുട അവതരിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണ്. വില്‍പനയ്ക്ക് മുന്നോടിയായി ഓണ്‍ലൈനിലെ പ്രമോഷനാണ് ചര്‍ചയായത്. ഇതുവരെ 14 കോടിയിലധികം ആളുകളാണ് ഇത് കണ്ടത്.