ചോറ് പ്രേമികളാണ് മലയാളികള്‍ ഓരോരുത്തരും. തെക്കന്‍ കേരളത്തില്‍ പ്രത്യേകിച്ചും. എന്നാല്‍ അത്തരക്കാര്‍ക്ക് വലിയ ഞെട്ടലുള്ള വാര്‍ത്തയാണ് ജയ അരിയുടെ വില വര്‍ദ്ധന. ഒന്നര മാസത്തിനിടയില്‍ തന്നെ ഏതാണ്ട് പത്ത് രൂപയോളമാണ് അരിയ്ക്ക് വര്‍ധിച്ചിരിക്കുന്നത്.
പൊതുവെ ഡിസംബര്‍ മാസത്തിലാണ് അരിയുടെ വില വര്‍ധിക്കാറുള്ളത്. എന്നാലിപ്പോള്‍ ജൂണില്‍ തന്നെ ജയ അരിയുടെ വില അന്‍പത് മറികടക്കുവാനുള്ള സാധ്യതയുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഓണം ആകുമ്‌ബോഴേക്കും ഇനിയും വില ഉയരുവാനാണ് സാധ്യത.
മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വരേണ്ട വിളവെടുപ്പ് വൈകിയത് അരിയുടെ ലഭ്യത കുറച്ചിരുന്നു. മാത്രമല്ല, അരിയുടെ ഉത്പാദനം കുറച്ചതും മില്ലുകളിലേയ്ക്ക് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയതുമെല്ലാം മില്ലുകളുടെ പ്രവര്‍ത്തനം നിലക്കുന്നതിന് കാരണമായിരുന്നു. ആന്ധ്രയിലെ വൈദ്യുതി നിയന്ത്രണം മുതല്‍ വിളവെടുപ്പ് വൈകിയത് വരെയുള്ള കാരണങ്ങളാണ് ആവശ്യത്തിന് അരി ലഭ്യമാകാത്തതിന് ഇടനിലക്കാര്‍ പറയുന്നത്.