ഇന്ന് മുതല്‍ പാലുല്പന്നങ്ങള്ക്ക് വില കൂടുമെന്ന് മില്‍മ. പാല്, തൈര്, ലെസ്സി ഉല്പന്നങ്ങള്ക്ക് 5% വില കൂടും. കൃത്യമായ വില പ്രസിദ്ധീകരിക്കുമെന്നും മില്‍മ ചെയര്മാന് അറിയിച്ചു.
പ്രീ-പാക്ക് ചെയ്ത മാംസം (ഫ്രോസന്‍ അല്ലാത്തത്), മീന്‍, തേന്‍, ശര്‍ക്കര, പനീര്‍, ലെസ്സി, പപ്പടം, പാക്കറ്റിലാക്കി വില്‍ക്കുന്ന ഗോതമ്പുപൊടി അടക്കമുള്ളവയ്ക്കും 5 ശതമാനം നികുതി ബാധകമാകും. ജൂണ്‍ അവസാനം ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ പരിഷ്കരിച്ച മറ്റു നികുതി നിരക്കുകളും തിങ്കളാഴ്ച പ്രാബല്യത്തില്‍ വരും. നികുതി വര്‍ധനയ്ക്കനുസരിച്ച് പല ഉല്പന്നങ്ങള്ക്കും സേവനങ്ങള്‍ക്കും വിലയും കൂടിയേക്കും.
ചില്ലറയായി വില്‍ക്കുന്ന അരിയും ഗോതമ്പും അടക്കമുള്ള ധാന്യങ്ങള്‍ക്കും പയറുവര്‍ഗങ്ങള്‍ക്കും 5% നികുതി ഈടാക്കുന്നത് ഒഴിവാക്കി കേന്ദ്ര ധനവകുപ്പിന്റെ വിശദീകരണക്കുറിപ്പ് ഇന്നലെ പുറത്തിറക്കി. രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്നും വിവിധ സംസ്ഥാനങ്ങള്‍ വ്യക്തത തേടിയതിനു പിന്നാലെയുമാണ് ഇന്നലെ രാത്രി വൈകി ധനവകുപ്പ് വിശദീകരണക്കുറിപ്പ് ഇറക്കിയത്. ഇതോടെ ചില്ലറയായോ മൊത്തമായോ ഏത് അളവിലും വില്‍ക്കുന്ന അരിക്കും മറ്റും ഇന്നു മുതല്‍ ഈടാക്കുമായിരുന്ന 5% ജിഎസ്ടിയും അതു കാരണമുള്ള വിലവര്‍ധനയും ഒഴിവായി.
പകരം 25 കിലോഗ്രാമോ അതില്‍ താഴെയോ അളവില്‍ പായ്ക്ക് ചെയ്ത് ലേബല്‍ പതിച്ചു വില്‍ക്കുന്ന ധാന്യങ്ങള്‍ക്കും പയറുവര്ഗങ്ങള്ക്കുമാകും ഇന്നു മുതല്‍ നികുതി ബാധകമാകുക. ഇന്നലെ വരെ ബ്രാന്‍ഡ് ചെയ്തു വില്‍ക്കുന്ന ധാന്യങ്ങള്‍ക്കും പയറുവര്‍ഗങ്ങള്‍ക്കും മാത്രമായിരുന്നു നികുതി ചുമത്തിയിരുന്നത്. കഴിഞ്ഞ 28നും 29നും ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ തീരുമാനം അനുസരിച്ച് ലേബല്‍ പതിച്ചതും പായ്ക്ക് ചെയ്തതുമായ 25 കിലോഗ്രാമില്‍ താഴെ തൂക്കമുള്ള ധാന്യങ്ങള്‍ക്കും പയറുവര്‍ഗങ്ങള്‍ക്കുമാണ് നികുതി ഏര്‍പ്പെടുത്തേണ്ടിയിരുന്നത്. എന്നാല്‍, പിന്നീട് ജിഎസ്ടി നിയമം ഭേദഗതി ചെയ്തു വിജ്ഞാപനം ഇറക്കിയപ്പോള്‍ 25 കിലോഗ്രാമെന്ന പരിധി സര്‍ക്കാര്‍ എടുത്തു കളഞ്ഞു.