റോഡിലെ വെള്ളക്കെട്ട് കാരണം റെയില്‍വേ ട്രാക്കിലൂടെ ജോലി സ്ഥലത്തേയ്ക്കു നീങ്ങിയ രണ്ടു സ്ത്രീകള്‍ ട്രെയിനിന്റെ കാറ്റടിച്ച് തോട്ടില്‍ വീണു. ട്രാക്കിലൂടെ നടക്കുന്നതിനിടെ തോട്ടില്‍ വീണ സ്ത്രീകളില്‍ ഒരാള്‍ മരിച്ചു. ദേവീകൃഷ്ണ (28) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഫൗസിയ പരുക്കേറ്റ് ആശുപത്രിയിലാണ്. ട്രെയിന്‍ വരുന്നത് കണ്ട് മാറി നിന്നുവെങ്കിലും ട്രെയിനിന്റെ കാറ്റടിച്ച് തോട്ടിലേക്ക് വീഴുകയായിരുന്നു.
ദേവീകൃഷ്ണ തോട്ടിലെ കുറ്റിയില്‍ ഇടിച്ചതാണ് നില ഗുരുതരമാക്കിയത്. പുറത്തെടുക്കുമ്പോള്‍ ചെളിയില്‍ മുങ്ങിയ നിലയിലായിരുന്നു. ഏറെനേരം തിരച്ചില്‍ നടത്തിയ ശേഷമാണ് ഇവരെ കണ്ടെത്തിയതെന്നും നഗരസഭ കൗണ്‍സിലര്‍ ഷിബു വാലപ്പന് അറിയിച്ചു. മൂന്നു പേര് ചേര്‍ന്നാണ് ജോലിക്കായി ട്രാക്കിലൂടെ നടന്നു പോയത്. ഇതില്‍ ഒരാള്‍ വെള്ളക്കെട്ടില്‍ വീഴാതെ രക്ഷപ്പെട്ടു. ചെരുപ്പ് കടയിലെ ജീവനക്കാരിയാണ് ദേവീകൃഷ്ണ. മൂന്നു ദിവസം മുന്‍പാണ് ഇവര്‍ ജോലിക്ക് പോയി തുടങ്ങിയത്.