ജലനിരപ്പുയര്‍ന്നതോടെ ഇടുക്കി ഡാം തുറന്നു. ഇന്ന് രാവിലെ 10 മണിക്കാണ് ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ തുറന്നത്. 70 സെന്റീമീറ്ററാണ് ഷട്ടര്‍ ഉയര്‍ത്തിയത്. 50 ക്യു മെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്.
അനുവദനീയ സംഭരണ ശേഷിയായ 2382.53 അടിയില്‍ ജലനിരപ്പ് എത്തിയതോടെയാണ് ഇടുക്കി ഡാം തുറക്കാന്‍ തീരുമാനിച്ചത്. മുല്ലപ്പെരിയാര്‍ ഡാമിലും ജലനിരപ്പ് ഉയര്‍ന്നതോടെ പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്കി. ഡാം തുറക്കുന്നതിനോടനുബന്ധിച്ച് അഞ്ച് വില്ലേജുകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കാലാവസ്ഥ മെച്ചപ്പട്ടാല്‍ ഡാം അടക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന് നേരത്തെ വ്യക്തമാക്കിയിരുന്നു. 'ഇടുക്കി ഡാമില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ വെള്ളം ഒഴുക്കി വിടും. റൂള്‍ ലെവല്‍ അനുസരിച്ചാണ് ഡാം തുറക്കേണ്ടത്. കൂടുതല്‍ വെള്ളം ഒഴുക്കി വിടാതിരിക്കാനാണ് ശ്രമം. ഇടമലയാര്‍ ഇപ്പോള്‍ തുറക്കണ്ടതില്ല. പെരിയാര്‍ ജലനിരപ്പ് വാണിങ്ങ് ലെവലില്‍ എത്തിയിട്ടില്ല.അതിനുള്ള സാധ്യത ഇല്ല. ഡാം തുറന്ന് വിടുന്നതിനോടനുബന്ധിച്ച് എല്ലാ വകുപ്പുകളും സജ്ജമാണെന്നും ഏത് തരത്തില്‍ വെള്ളമുയര്‍ന്നാലും സ്വീകരിക്കേണ്ട നടപടികള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.
അടിയന്തര സാഹചര്യമുണ്ടായാല്‍ മാറ്റിപ്പാര്‍പ്പിക്കേണ്ട 79 കുടുംബങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതിനായി 29 ക്യാമ്പുകള്‍ സജ്ജമാക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.