ചെറിയ ഉപഗ്രഹങ്ങളെ ഭൂമിക്കടുത്തുള്ള ഭ്രമണപഥങ്ങളില്‍ എത്തിക്കുന്നതിന് ഐ.എസ്.ആര്.ഒ. രൂപകല്പന ചെയ്ത സ്മോള്‍ സാറ്റ്ലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (എസ്എസ്എല്‍വി) വിക്ഷേപിച്ച ഉപഗ്രഹങ്ങളുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്ഗനൈസേഷന് (ഐഎസ്ആര്‍ഒ). ഉപഗ്രഹങ്ങളില്‍ നിന്നും സിഗ്നല്‍ ലഭിക്കുന്നില്ലെന്നാണ് വിവരം.
എസ്എസ്എല്‍വിയുടെ കന്നി ദൗത്യത്തില്‍ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് രണ്ടും രാജ്യത്തെ സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ഥിനികള്‍ നിര്‍മിച്ച ആസാദി സാറ്റുമാണ് ഭ്രമണപഥത്തിലെത്തിച്ചത്. എസ്എസ്എല്‍വി വിക്ഷേപണത്തിന്റെ മൂന്ന്ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുകയും ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇവയില്‍നിന്നും വിവരങ്ങള്‍ ലഭിക്കുന്നില്ലെന്നാണ് അറിയുന്നത്.
പ്രശ്നം പരിഹരിക്കാനായി ശാസ്ത്രജ്ഞന്മാരുടെ ഭാഗത്ത് നിന്നും തീവ്രശ്രമം തുടരുകയാണ്.അതേസമയം, ഐ.എസ്.ആര്.ഒയുടെ ഭാഗത്ത് നിന്നും ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവന്നിട്ടില്ല. എര്‍ത്ത് ഒബ്സര്‍വേഷന്‍ സാറ്റലൈറ്റ് (ഇ.ഒ.എസ്-02), ആസാദിസാറ്റ് എന്നീ ഉപഗ്രഹങ്ങളെ വഹിച്ചുകൊണ്ട് രാവിലെ 9.18നാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്.
സ്പേസ് കിഡ്സ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഗ്രാമീണമേഖലയില്‍ നിന്നുള്ള 750 വിദ്യാര്‍ത്ഥിനികള്‍ ചേര്‍ന്നാണ് ആസാദിസാറ്റ് വികസിപ്പിച്ചത്. ആസാദിസാറ്റ് പോലുള്ള ചെറിയ ഉപഗ്രഹങ്ങള്‍ എസ്.എസ്.എല്‍.വി റോക്കറ്റ് ഉപയോഗിച്ച് സൗകര്യപ്രദമായി താഴ്ന്ന ബഹിരാകാശ ഭ്രമണപഥത്തിലെത്തിക്കാന്‍ സാധിക്കും. ചെലവും തയാറെടുപ്പിനുള്ള സമയവും കുറവാണ്. എസ്.എസ്.എല്‍.വി തയാറായതോടെ ചെറിയ ഉപഗ്രഹങ്ങളുടെ വിക്ഷേപണച്ചുമതലയില്‍ നിന്ന് പി.എസ്.എല്‍.വി ഒഴിവാകും.500 കിലോഗ്രാം ഭാരമുള്ള പേലോഡ് ഭ്രമണപഥത്തില്‍ എത്തിക്കുന്നതിനാണ് എസ്.എസ്.എല്‍.വി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പി.എസ്.എല്‍.വിക്ക് 1,750 കിലോഗ്രാം പേലോഡ് വരെ ഭ്രമണപഥത്തിലേക്ക് കൊണ്ടുപോകാന്‍ കഴിയും. കുറഞ്ഞ ചെലവ്, വേഗം, ഒന്നിലധികം ഉപഗ്രഹങ്ങളെ ഉള്‍ക്കൊള്ളാനുള്ള സൗകര്യം, ആവശ്യാനുസരണം വിക്ഷേപണം, വിക്ഷേപണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ എസ്.എസ്.എല്‍.വിയുടെ പ്രത്യേകതകളാണ്.