മലയാളി വ്ലോഗറെ കാനഡയിലെ വെള്ളച്ചാട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവമ്ബാടി കാളിയാംപുഴ പാണ്ടിക്കുന്നേല്‍ ബേബിയുടെ മകന് രാജേഷ് ജോണ്‍ (35) എന്നയാളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാനഡയിലെ ആല്‍ബര്‍ട്ട ലെത്ത്ബ്രിഡ്ജിനു സമീപമുള്ള പര്‍വതത്തിലെ വെള്ളച്ചാട്ടത്തിലാണ് രാജേഷ് ജോണിനെ മരിച്ച നിലയല്‍ കാണപ്പെട്ടത്. വ്ളോഗിങ്ങിനായി വീട്ടില്‍ നിന്നു പുറപ്പെട്ട രാജേഷ് തിരിച്ചുവരാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
രാജേഷ് ഓഗസ്റ്റ് മൂന്നിനാണ് മത്സ്യബന്ധനത്തിനും വീഡിയോ ചിത്രീകരിക്കുന്നതിനുമായി വീട്ടില്‍ നിന്നു പുറപ്പെട്ടത്. ലിന്ക്സ് ക്രീക്കിനു സമീപം ഫിഷിങ്ങിനു പോവുകയാണെന്നും പിറ്റേന്ന് മടങ്ങി വരുമെന്നും പറഞ്ഞാണ് രാജേഷ് പോയതെന്ന് വീട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പിറ്റേദിവസം രാവിലെ ഏഴു മണിക്ക് അദ്ദേഹം വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നെങ്കിലും പിന്നീട് വിവരമൊന്നുമുണ്ടായില്ല. രാജേഷിനെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ ബെല്‍ അടിച്ചതല്ലാതെ എടുത്തില്ല. ഇതോടെ രാജേഷ് ജോണിന്റെ ഭാര്യ അനു പനങ്ങാടന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് മെഡിസിന് ഹാറ്റ് പൊലീസിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസും (ആര്.സി.എം.പി) വൈല്‍ഡ് ലൈഫ് ഏജന്‍സിയും ചേര്‍ന്ന് ആല്‍ബര്‍ട്ട ലെത്ത്ബ്രിഡ്ജിനു സമീപമുള്ള പര്‍വതത്തിലും പരിസരപ്രദേശങ്ങളിലും തെരച്ചില്‍ നടത്തി. ഓഗസ്റ്റ് അഞ്ച് വൈകുന്നേരം രാജേഷ് ഉപയോഗിച്ച കാര്‍ ലിന്ക്സ് ക്രീക്ക് കാംപ്ഗ്രൗണ്ടില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ രാജേഷിനെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭിച്ചില്ല.
ഓഗസ്റ്റ് ഏഴ്വ ഞായറാഴ്ച ഉച്ചയോടെയാണ് രാജേഷിന്റെ മൃതദേഹം കണ്ടെത്തിയത്. പര്‍വ്വതത്തിന്റെ വശത്തുള്ള ഒരു വെള്ളച്ചാട്ടത്തിന്റെ അടിഭാഗത്തായിരുന്നു മൃതദേഹം. കൈയില്‍ നിന്നു വീണ ഫിഷിങ് ബാഗ് ചൂണ്ട ഉപയോഗിച്ച് എടുക്കാനുള്ള ശ്രമത്തിനിടെ രാജേഷ് ഉയരത്തില്‍നിന്ന് കാല്‍വഴുതി വീഴുകയായിരുന്നു എന്നാണ് പൊലീസ് അനുമാനിക്കുന്നത്.
കാനഡയില്‍ കലാ സാംസ്കാരിക കായിക മേഖലകളില്‍ സജീവമായി ഇടപെട്ടിരുന്നയാളാണ് രാജേഷ്. 'വ്ളോഗര്‍ ജോണ്‍' എന്ന പേരിലുള്ള യൂട്യൂബ് ചാനലിലാണ് വീഡിയോകള്‍ പ്രസിദ്ധീകരിച്ചിരുന്നത്. ഭാര്യയ്ക്കൊപ്പം കാനഡയിലേക്ക് കുടിയേറിയ രാജേഷ്, മെഡിസിന് ഹാറ്റ് ക്രിക്കറ്റ് അസോസിയേഷന് പി.ആര്.ഒ ആയിരുന്നു. വത്സമ്മ വാളിപ്ലാക്കല്‍ ആണ് മാതാവ്. മകന്: ഏദന്‍. രാജേഷ് ജോണിന്റെ സംസ്കാരം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയില്‍ പിന്നീട് നടത്തും.