'ആസാദ് കശ്മീര്‍' പരാമര്‍ശം പിന്‍വലിച്ച് കെടി ജലീല്‍ എംഎല്‍എ. കശ്മീര്‍ സന്ദര്‍ശനത്തെക്കുറിച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കുറിപ്പിലെ വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നതായി കെ ടി ജലീല്‍ അറിയിച്ചത്. കുറിപ്പിലെ പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണകള്‍ക്ക് ഇടവരുത്തിയത് ശ്രദ്ധയില്‍പ്പെട്ടെന്നും ദുര്‍വ്യാഖ്യാനം ചെയ്ത കുറിപ്പിലെ വരികള്‍ പിന്‍വിക്കുന്നുവെന്നുമായിരുന്നു ജലീലിന്റെ പ്രതികരണം.
പാകിസ്ഥാന് അധീനതയിലുള്ള കശ്മീരിനെ 'ആസാദ് കാശ്മീരെ'ന്നും ജമ്മുവും കശ്മീര്‍ താഴ്വരയും ലഡാക്കും അടങ്ങിയ ഇന്ത്യയുടെ അവിഭാജ്യ ഭൂപ്രദേശത്തെ 'ഇന്ത്യന്‍ അധീന കശ്മീരെന്നും' കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്.ഇന്ത്യന്‍ അധീന കശ്മീരെന്ന മറ്റൊരു പ്രയോഗവും കുറിപ്പിലുണ്ട്. കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന നിലപാടിനെതിരാണിത്. ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ജലീലിന് എംഎല്‍എ ആയിരിക്കാന്‍ അര്‍ഹതയില്ലെന്നും സുരേന്ദ്രന് പറഞ്ഞു.
അതേസമയം, സി പി എം നേതൃത്വം ഇടപെട്ട് വിവാദ പോസ്റ്റ് പിന്‍വലിപ്പിച്ചത് ദേശീയ തലത്തിലുണ്ടാകാവുന്ന തിരിച്ചടി മുന്‍ കൂട്ടിക്കണ്ട്. ദേശീയ തലത്തില്‍ ഈ സംഭവം ബി ജെ പി വലിയ വിവാദമാക്കുമെന്ന് മനസിലായപ്പോഴാണ് സി പി എം നേതൃത്വം അടിയന്തിരമായി ഇടപെട്ട് പോസ്റ്റ് പിന്‍വലിപ്പിച്ചത്. കേരളത്തില്‍ കോണ്‍ഗ്രസും ബി ജെ പിയും ജലീലിനെതിരെ രംഗത്ത് വന്നതും സി പി എം നേതൃത്വത്തിന് തലവേദനയായി.
അടിക്കടി ജലീല്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും തലവേദനയുണ്ടാക്കുന്നു എന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. സിപിഎം നേതൃത്വം ജലീലിനോട് തിരുത്താന്‍ ആവശ്യപ്പെടുന്നതിന് മുമ്പ് മന്ത്രിമാരായ എം വി ഗോവിന്ദനും പി രാജീവും ജലീലിന്റെ നടപടിയോടുള്ള എതിര്‍പ്പ് വ്യക്തമാക്കിയിരുന്നു.
അതേസമയം ദില്ലി തിലക് മാര്‍ഗ് പൊലിസ് സ്റ്റേഷിനില്‍ ബിജെപി അനുകൂലിയായ അഭിഭാഷകന് ജലീലിനെതിരെ പരാതി നല്കി. രാജ്യദ്രോഹത്തിനെതിരെ കേസെടുക്കണം എന്നാണ് ആവശ്യം.