പ്രമുഖ നിക്ഷേപകന് രാകേഷ് ജുന്‍ജുന്‍വാല (62) അന്തരിച്ചു. ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിലുള്ളയാളാണ് ജുന്‍ജുന്‍വാല. 3.2 ബില്യണ്‍ അമേരിക്കന്‍ ഡോളറാണു ഇദ്ദേഹത്തിന്റെ ആസ്തി. ഇന്ത്യന്‍ ഓഹരി നിക്ഷേപകരില്‍ പ്രധാനിയും ഓഹരി വിപണിയില്‍ നിന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ നിക്ഷേപകനുമാണ് ജുന്‍ജുന്‍വാല. ഇന്ത്യന്‍ വാരണ് ബഫറ്റ് എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം.വൃക്ക സംബന്ധമായ അസുഖങ്ങളാണ് മരണകാരണം. 'ആകാശ എയറി'ന്റെ മേധാവിയാണ്. ഹംഗാമ മീഡിയ, ആപ്ടെക് എന്നിവയുടെ ചെയര്‍മാനും വൈസ്രോയ് ഹോട്ടല്‍സ്, കോണ്‍കോര്‍ഡ് ബയോടെക്, പ്രോവോഗ് ഇന്ത്യ, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയുടെ ഡയറക്ടറുമായിരുന്നു ജുന്‍ജുന്‍വാല. രാജ്യത്തെ സമ്പന്നന്മാരില് മുപ്പത്തിയാറാമതാണ് ജുന്‍ജുന്‍വാല.
ഇന്ത്യന്‍ വ്യവസായ രംഗത്ത് ഒരിക്കലും മായാത്ത സംഭാവനകളാണ് 'ഇന്ത്യയുടെ വാറന്‍ ബഫറ്റ്' എന്നറിയപ്പെടുന്ന രാകേഷ് ജുന്‍ജുന്‍വാല നല്‍കിയത്. ചെലവു കുറഞ്ഞ വിമാനക്കമ്പനി തുടങ്ങണമെന്ന
ഏറെക്കാലത്തെ ആഗ്രഹത്തില്‍ പിറവിയെടുത്ത ആകാശ എയര്‍ സര്‍വീസിന്റെ വിജയം കാണാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.
1985ല്‍ കടം വാങ്ങിയ 5000 രൂപ ഓഹരിവിപണിയില്‍ നിക്ഷേപിച്ച് കൊണ്ടാണ് പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ടത്. വൃക്ക സംബന്ധമായ രോഗത്തിനുള്‍പ്പെടെ അദ്ദേഹം ചികിത്സയിലായിരുന്നു. അടുത്തിടെ ആശുപത്രിയില്‍ അഡ്മിറ്റായിരുന്ന അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തിട്ട് അധികമായിരുന്നില്ല. ആകാശ എയര്‍ലൈന്‍സിന്റെ ഉദ്ഘാടന ദിനത്തിലാണ് ഏറ്റവുമൊടുവില്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്.
രാകേഷ് ജുന്‍ജുന്‍വാലയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അജയ്യനായിരുന്നു ജുന്‍ജുന്‍വാലയെന്ന് മോദി അനുശോചന സന്ദേശത്തില്‍ കുറിച്ചു.
രാകേഷ് ജുന്‍ജുന്‍വാലയുടെ ഉടമസ്ഥതയിലുള്ള ചെലവു കുറഞ്ഞ വിമാനക്കമ്പനി ആകാശ എയര്‍ സര്‍വീസ് ആരംഭിച്ചത് ഈ മാസമാണ്. മുംബൈയില്‍നിന്നും അഹമ്മദാബാദിലേക്കായിരുന്നു ആദ്യ സര്‍വീസ്.
ഇന്‍കം ടാക്സ് ഓഫിസറുടെ മകനായി ജനിച്ച ജുന്‍ജുന്‍വാല, കോളജ് പഠനകാലത്താണ് ഓഹരിവിപണിയില്‍ ആദ്യമായി ഭാഗ്യം പരീക്ഷിക്കുന്നത്. ഓഹരി വിപണിയെക്കുറിച്ച് പിതാവ് സുഹൃത്തുക്കളുമായി നടത്തിയ സംഭാഷണം ആകസ്മികമായി കേള്‍ക്കാനിട വന്നതായിരുന്നു തുടക്കം.