പാലക്കാട് സിപിഐഎം ലോക്കല്‍ കമ്മറ്റിയംഗം ഷാജഹാന്റെ കൊലപാതകത്തില്‍ രണ്ട് പേര് പൊലീസ് കസ്റ്റഡിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാളും സഹായിച്ച മറ്റൊരാളുമാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. പിടിയിലായവരെ പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. കേസില്‍ ആകെ എട്ട് പ്രതികളാണ് ഉള്ളത്. ബാക്കിയുള്ളവര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.
എഫ് ഐ ആര് അനുസരിച്ച് ഷാജഹാനെ വടിവാള്‍ കൊണ്ട് ആദ്യം വെട്ടിയത് ഒന്നാം പ്രതി ശബരിയാണ്. പിന്നീട് രണ്ടാം പ്രതിയായ അനീഷും വെട്ടി. മറ്റ് ആറ് പ്രതികള്‍ കൊലയ്ക്ക് സഹായവുമായി ഒപ്പം നിന്നുവെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്.പാലക്കാട് ഡി വൈ എസ് പി വി കെ രാജുവിന്റെ നേതൃത്വത്തില്‍ നാല് സി ഐമാര്‍ അടങ്ങിയ 19 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഞായറാഴ്ച രാത്രി 9.15ഓടെയാണ് സി പി എം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന് കൊല്ലപ്പെട്ടത്.
അതേസമയം, ഷാജഹാന് വധഭീഷണി ഉണ്ടായിരുന്നതായി കുടുംബം ആരോപിച്ചു. ആസൂത്രിതമായ കൊലയ്ക്ക് പിന്നില്‍ ബി ജെ പി ആണെന്നാണ് കുടുംബത്തിന്റെ ആരോപണം. ' ബി ജെ പിയുടെ സഹായമില്ലാതെ കൊലപാതകം നടക്കില്ല. രണ്ട് ദിവസം മുമ്പ് പ്രതികളായ അനീഷും, ശബരീഷും നവീനും വെട്ടുമെന്ന് ഭീഷണിപ്പെടുത്തി. പ്രതികള്‍ ഒരു വര്‍ഷം മുമ്പ് വരെ സി പി എം പ്രവര്‍ത്തകരായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഷാജഹാനും പ്രതികളും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.'- ബന്ധുക്കള്‍ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.