കൊച്ചി ഇടച്ചിറയിലെ ഫ്ലാറ്റില്‍ യുവാവിനെ കൊലപ്പെടുത്തി ഒളിപ്പിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണ (23) കാക്കനാട് ഇടച്ചിറ ഘണ്ടാകര്‍ണ ക്ഷേത്രത്തിന് സമീപത്തെ ഓക്സ്ഓനിയ ഫ്ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സജീവിന്റെ കൂടെ താമസിച്ചിരുന്ന പയ്യോളി സ്വദേശി അര്‍ഷാദാണ് കൃത്യം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പയ്യോളിയിലെ വീട്ടിലടക്കം ഇന്നലെ പൊലീസ് പരിശോധന നടത്തിയിരുന്നെങ്കിലും അര്‍ഷാദിനെ കണ്ടെത്താന്‍ സാധിച്ചില്ല. ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫാണ്.
സജീവ് ഉള്‍പ്പെടെ അഞ്ച് പേരായിരുന്നു വാടകയ്ക്കെടുത്തിരുന്ന ഫ്ലാറ്റില്‍ താമസിച്ചിരുന്നത്. അവധിക്ക് വിനോദയാത്രയ്ക്ക് പോയിരുന്ന സഹതാമസക്കാരായ രണ്ടു പേര് മടങ്ങിയെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.
രണ്ട് ദിവസത്തോളം പഴക്കമുള്ള മൃതദേഹം പുതപ്പും മറ്റും ഉപയോഗിച്ച് കെട്ടി മറച്ചനിലയിലായിരുന്നു. ശരീരത്തില്‍ പലയിടത്തും വെട്ടേറ്റ മുറിവുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
തിങ്കളാഴ്ച വിനോദയാത്ര കഴിഞ്ഞ് സുഹൃത്തുക്കള്‍ മടങ്ങിയെത്തിയപ്പോള്‍ ഫ്ളാറ്റിലെ മുറി പൂട്ടിയനിലയിലായിരുന്നു. തുടര്‍ന്നു സജീവിനെയും അര്‍ഷദിനെയും ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സ്ഥലത്തില്ലെന്ന സന്ദേശം ഫോണില്‍ ലഭിച്ചു. തുടര്‍ന്ന് ഇവര്‍ സമീപത്തെ ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു.
പിന്നീട് രണ്ട് ഫോണുകളും സ്വിച്ച് ഓഫ് ഓഫായതിനെ തുടര്‍ന്ന് സംശയം തോന്നിയതോടെ ഉച്ചയോടെ ഫ്ളാറ്റിലെത്തി ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് അകത്ത് കയറി. ഹാളില്‍ രക്തക്കറ കണ്ട ഇവര്‍ നടത്തിയ പരിശോധനയിലാണ് ഫ്ളാറ്റിലെ പൈപ്പ് ഡക്ടില്‍ തങ്ങി നില്ക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഡക്ടിലൂടെ താഴേക്കിടാനുള്ള ശ്രമമായിരുന്നു എന്നാണ് കരുതുന്നത്. രക്തക്കറ കഴുകിക്കളയാന്‍ ശ്രമിച്ചിട്ടുണ്ടായിരുന്നു. തുടര്‍ന്ന് ഇരുവരും പോലീസില്‍ വിവരമറിയിച്ചു. ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സജീവിന്റെ ഫോണ്‍ കണ്ടെത്തിയിട്ടില്ല.
അതേസമയം ഫ്ലാറ്റില്‍ താമസിച്ചിരുന്നവര്‍ സ്ഥിരം പ്രശ്നക്കാരായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നുണ്ട്. 16ബിയില്‍ ഉണ്ടായിരുന്നവരോട് ഫ്ലാറ്റൊഴിയാന്‍ പല തവണ ആവശ്യപ്പെട്ടിരുന്നുവെന്ന് അയല്‍വാസിയായ ജലീല്‍ മാധ്യമങ്ങളോടു പറഞ്ഞു. ഫ്ലാറ്റില്‍ താമസിച്ച യുവാക്കള്‍ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയിട്ടുണ്ട്. പല തവണ മുന്നറിയിപ്പ് നല്കി. രണ്ടാഴ്ച മുമ്പ് ഫ്ലാറ്റൊഴിയാന്‍ ഉടമസ്ഥന് പറഞ്ഞിരുന്നു. മരിച്ച സജീവ് കൃഷ്ണയുമായി പരിചയമുണ്ട്. വളരെ പാവം പയ്യനാണ്. കൂടെ ഉണ്ടായിരുന്ന ഹര്‍ഷാദ് ആണ് കൊല നടത്തിയതെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച ഇരുവരെയും കണ്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
യുവാക്കള്‍ ഇന്‍ഫോപാര്‍ക്കിലെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരാണ്.വണ്ടൂര്‍ അമ്പലപ്പടി പുത്തന്‍പുര രാമകൃഷ്ണന്റെ മകനാണു മരിച്ച സജീവ്. മാതാവ്: ജിഷ (ഐസിഡിഎസ് സൂപ്പര്‍വൈസര്‍). സഹോദരന്: രാജീവ് കൃഷ്ണന്