എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രന് എതിരെയുള്ള ലൈംഗിക പീഡനക്കേസില്‍ വിവാദ പരാമര്‍ശവുമായി കോഴിക്കോട് സെഷന്‍സ് കോടതി. പരാതിക്കാരി ലൈംഗികമായി പ്രകോപിപ്പിക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചിരുന്നു. അതിനാല്‍ പീഡനാരോപണം നിലനില്‍ക്കില്ലെന്നും മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ കോടതി പറഞ്ഞു. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ്.കൃഷ്ണകുമാറാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ പരാമര്‍ശമുള്ളത്.
പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചതിനാല്‍ 354 എ വകുപ്പ് നിലനില്‍ക്കില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. പ്രതിഭാഗം കോടതിയില്‍ ഹാജരാക്കിയ ഫോട്ടോയില്‍ യുവതിയുടെ വസ്ത്രധാരണം വ്യക്തമാണെന്നും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവില്‍ കോടതി നിരീക്ഷിക്കുന്നുണ്ട്.
'പരാതിക്കാരിയായ യുവതി ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചിരുന്നതായി ജാമ്യാപേക്ഷയ്ക്കൊപ്പം പ്രതി ഹാജരാക്കിയ ചിത്രങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സെക്ഷന്‍ 354 എ പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ല'', കോഴിക്കോട് സെഷന്‍സ് കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ശാരീരിക അവശതകളുള്ള പ്രതി പരാതിക്കാരിയെ ബലം പ്രയോഗിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ചു എന്നത് വിശ്വസിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. 354 എ പ്രകാരം കേസ് എടുക്കണമെങ്കില്‍ ഒരു സ്ത്രീയുടെ മാന്യതയ്ക്കും അന്തസ്സിനും ഭം?ഗം വരുത്തിയെന്ന് തെളിയിക്കാന്‍ മതിയായ തെളിവുകള്‍ ഉണ്ടായിരിക്കണം എന്നും കോടതി വ്യക്തമാക്കി.
യുവ എഴുത്തുകാരിയായിരുന്നു പരാതിക്കാരി. 2020 ഫെബ്രുവരിയില്‍ നടന്ന സംഭവത്തിന്മേലാണ് യുവതി പരാതി നല്‍കിയിരുന്നത്. 2020 ഫെബ്രുവരി എട്ടിന് നന്തി കടപ്പുറത്തെ ആളൊഴിഞ്ഞ സ്ഥലത്ത് ലൈംഗികാതിക്രമം നടത്തി എന്നായിരുന്നു പരാതി. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് യുവ എഴുത്തുകാരിയുടെ പരാതിയില്‍ സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തത്. വടകര ഡി.വൈ.എസ്.പിക്കായിരുന്നു കേസിന്റെ അന്വേഷണ ചുമതല.
അധ്യാപികയും എഴുത്തുകാരിയുമായ ദളിത് യുവതിയുടെ പീഡന പരാതിയില്‍ സിവിക് ചന്ദ്രന് ഇതേ കോടതി നേരത്തെയും മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്ത പീഡനക്കേസില്‍ ഉപാധികളില്ലാതെയാണ് സിവികിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അധ്യാപികയായ ദളിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് സിവിക്ക് ചന്ദ്രന് നേരത്തെ മുന്‍കൂര്‍ ജാമ്യം ലഭിച്ചത്.
ദളിതര്‍ക്ക് വേണ്ടി പൊതുസമൂഹത്തില്‍ സംസാരിക്കുന്ന ആളുടെ ഉള്ളിലിരിപ്പ് മറ്റൊന്നാണെന്നും ലൈംഗിക വൈകൃത സ്വഭാവമുള്ള സിവികിന് ജാമ്യം നല്‍കരുതെന്നുമായിരുന്നു ഈ കേസില്‍ പ്രോസിക്യൂഷന് വാദം. എന്നാല്‍, പരാതിക്കാരിക്ക് മതിയായ തെളിവുകള്‍ ഹാജരാക്കാനായില്ലെന്നും പട്ടികജാതി പീഡന നിരോധന നിയമം അടക്കം നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചതായി പ്രതിഭാഗം അഭിഭാഷകന് പറഞ്ഞു.
അതേസമയം, കോടതി ജഡ്ജിയുടെ വിവാദ ഉത്തരവിനെതിരെ പരാതിക്കാരി രംഗത്തെത്തി. സെഷന്‍സ് കോടതി ജഡ്ജിയുടെ വിവാദ ഉത്തരവിനെതിരെ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കുമെന്ന് ഇരയായ യുവതി വ്യക്തമാക്കി.