തന്റെ മകനെക്കാള്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയതിന് മകന്റെ സഹപാഠിയെ ജ്യൂസില്‍ വിഷം കലര്‍ത്തി നല്കി കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റില്‍. കാരയ്ക്കല്‍ നെഹ്റു നഗറിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ബാലമണികണ്ഠനാണ് മരിച്ചത്. ജ്യൂസ് പായ്ക്കറ്റില്‍ വിഷം കലര്‍ത്തിയ ശേഷം സ്കൂളിലെ സുരക്ഷാ ജീവനക്കാരന് മുഖേനെ കുട്ടിക്ക് നല്‍കുകയായിരുന്നു.
ഇന്നലെ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെ കുട്ടി ഛര്‍ദിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷം അകത്തുചെന്നിട്ടുണ്ടെന്ന സംശയം ഡോക്ടര്‍മാര്‍ പ്രകടിപ്പിച്ചതോടെ, സ്കൂളിലെ സുരക്ഷാ ജീവനക്കാരന് ജ്യൂസ് നല്കിയ വിവരം കുട്ടി മാതാപിതാക്കളോട് പറയുകയായിരുന്നു. കുട്ടിയുടെ ബന്ധുവെന്ന് പറഞ്ഞെത്തിയ സ്ത്രീയാണ് ജ്യൂസ് പായ്ക്കറ്റ് അവന് നല്കാന് പറഞ്ഞതെന്ന് സുരക്ഷാ ജീവനക്കാരന് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.
തുടര്‍ന്നു സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണു മറ്റൊരു കുട്ടിയുടെ അമ്മയായ സഹായറാണി വിക്ടോറിയ എന്ന സ്ത്രീയാണു സുരക്ഷാ ജീവനക്കാരന് ജൂസ് പാക്കറ്റ് കൈമാറിയതെന്നു കണ്ടെത്തിയത്. മണികണ്ഠന്റെ അമ്മയുടെ പരാതിയില്‍ കാരയ്ക്കല്‍ സിറ്റി പൊലീസ് സഹായറാണിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണു ക്രൂരതയുടെ കാരണം വെളിപ്പെടുത്തിയത്. പരീക്ഷകളില്‍ തന്റെ മകനേക്കാള്‍ മണികണ്ഠന് മികച്ച മാര്‍ക്കു നേടുന്നതാണു വിഷം നല്‍കാനുള്ള കാരണമെന്നാണു മൊഴി.
ചികിത്സയിലിരിക്കെ രാത്രി വൈകി മണികണ്ഠന് മരിച്ചു. മികച്ച ചികിത്സ കിട്ടിയില്ലെന്നാരോപിച്ച് നാട്ടുകാരും ബന്ധുക്കളും ആശുപത്രി ആക്രമിക്കുകയും നാഗപട്ടണം -ചെന്നൈ ദേശീയപാത പുലര്‍ച്ചെ വരെ ഉപരോധിക്കുകയും ചെയ്തു. സഹായറാണിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. വിശദമായ അന്വേഷണം തുടങ്ങിയതായി കാരയ്ക്കല്‍ എസ്പി അറിയിച്ചു.