ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് തീവ്രവാദ സംഘടനകള്‍ ഒരുക്കുന്ന പ്രണയക്കുരുക്കള്‍ വര്‍ദ്ധിക്കുന്നതായി തലശ്ശേരി അതിരൂപതയുടെ ഇടയലേഖനം.
ജന്മംനല്കി സ്നേഹിച്ചുവളര്‍ത്തിയ മക്കള്‍ മതതീവ്രവാദികളുടെ ചൂണ്ടയില്‍ കുരുങ്ങുമ്പോള്‍ നിസ്സഹായരാകേണ്ടിവരുന്ന മാതാപിതാക്കളുടെ സങ്കടങ്ങളെ നോമ്പുകാലത്തെ പ്രാര്‍ഥനാനിയോഗമായി നമുക്ക് സമര്‍പ്പിക്കാം. നമ്മുടെ മക്കള്‍ സുരക്ഷിതരായിരിക്കാന്‍ എട്ടുനോമ്പില്‍ തീക്ഷ്ണമായി പ്രാര്‍ഥിക്കാം. തീവ്രവാദഗ്രൂപ്പുകളുടെ ചതിക്കുഴികളില്‍ മക്കള്‍ വീണുപോകാതിരിക്കാനുള്ള ബോധവത്കരണം ആവിഷ്കരിച്ചിട്ടുള്ളത് പ്രയോജനപ്പെടുത്തണം -ഇടയലേഖനത്തില്‍ പറയുന്നു.
ഞായറാഴ്ച തലശ്ശേരി അതിരൂപതയിലെ പള്ളികളില്‍ വായിച്ച ഇടയലേഖനത്തിലൂടെ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി ഭൂദാന പ്രസ്ഥാനത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.നേരത്തേയും ലൗ ജിഹാദിനെതിരെ ക്രിസ്തീയ സഭകള്‍ രംഗത്തെത്തിയിരുന്നു. കത്തോലിക്കാ പെണ്‍കുട്ടികളെയും യുവാക്കളെയും നാര്‍ക്കോട്ടിക്-ലൗ ജിഹാദികള്‍ ഇരയാക്കുന്നെന്ന് പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞത് ഏറെ വിവാദമായിരുന്നു. നര്‍ക്കോട്ടിക്-ലൗ ജിഹാദിന് സഹായം നല്കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആയുധം ഉപയോഗിക്കാനാകാത്ത സ്ഥലങ്ങളില്‍ ഇത്തരം മാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നതെന്നും ഇക്കാര്യത്തില്‍ കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണമെന്നും ബിഷപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന് ആവര്‍ത്തിച്ചുപറഞ്ഞ് സിറോ മലബാര്‍ സഭയും രംഗത്തെത്തിയിരുന്നു. വിവിധ രൂപതകളില്‍ നിന്നുള്ള പരാതി പരിശോധിച്ചാണ് നിലപാടെന്നായിരുന്നു സഭയുടെ വിശദീകരണം. എന്നാല്‍ കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്നാണ് സര്‍ക്കാരിന്റെയും ഇടത് യുവജന സംഘടനകളുടെയും നിലപാട്.