ഖത്തറില്‍ സ്കൂള്‍ ബസിനുള്ളില്‍ ഉറങ്ങിപ്പോയ നാലു വയസുകാരി കടുത്ത ചൂടിനെത്തുടര്‍ന്നു മരിച്ചു. കോട്ടയം ചിങ്ങവനം കൊച്ചുപറന്പില്‍ അഭിലാഷ് ചാക്കോ- സൗമ്യ ദന്പതികളുടെ ഇളയ മകള്‍ മിന്‍സയാണ് ജന്മദിനത്തില് ദാരുണമായി മരിച്ചത്.
ഞായറാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. സ്കൂളിലേക്ക് പോയ കുട്ടി ബസിനുള്ളില്‍ ഉറങ്ങിപ്പോയതറിയാതെ ഡ്രൈവര്‍ ഡോര്‍ ലോക്കുചെയ്യുകയായിരുന്നു. മറ്റു കുട്ടികളെയെല്ലാം ഇറക്കിയെങ്കിലും സീറ്റിലേക്ക് ചാഞ്ഞിരുന്ന് ഉറങ്ങിപ്പോയ മിന്‍സയെ ബസ് ജീവനക്കാര്‍ ശ്രദ്ധിച്ചില്ല. ഉച്ചയോടെ കുട്ടികളെ തിരികെകൊണ്ടുപോകാനായി പാര്‍ക്കിങ് സ്ഥലത്ത് എത്തിയ ഡ്രൈവറാണ് കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ദോഹ അല്‍ വക്റയിലെ സ്പ്രിങ് ഫീല്‍ഡ് കിന്‍ഡര്‍ഗര്‍ട്ടന്‍ കെ.ജി വിദ്യാര്‍ഥിനിയാണ് മിന്‍സ. നാലാം പിറന്നാള്‍ ദിനത്തിലാണ് മിന്‍സയുടെ ദാരുണമായ അന്ത്യമുണ്ടായത്. ഖത്തറില്‍ ഡിസൈനിങ് മേഖലയില്‍ ജോലി ചെയ്യുകയാണ് ചിങ്ങവനം കൊച്ചുപറമ്ബില്‍ വീട്ടില്‍ അഭിലാഷ് ചാക്കോ. നിലവില്‍ ഖത്തര്‍ ലോകകപ്പിനുവേണ്ടിയുള്ള ജോലികളാണ് അഭിലാഷ് ചെയ്തിരുന്നത്. മാതാവ് സൗമ്യ ഏറ്റുമാനൂര്‍ കുറ്റിക്കല്‍ കുടുംബാംഗമാണ്.
രക്ഷിതാക്കള്‍ നല്കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. സ്ഥിരീകരിച്ചിട്ടില്ല.
അല്‍ വക്ര ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ക്കു ശേഷം മിന്‍സയുടെ മൃതദേഹം കോട്ടയം ചിങ്ങവനത്തേക്കു കൊണ്ടുപോകും. മിന്‍സയുടെ സഹോദരി മീഖ എംഇഎസ് ഇന്ത്യന്‍ സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.