കേരളനിയമസഭയുടെ ഇരുപത്തിനാലാമത് സ്പീക്കറായി എ എന്‍ ഷംസീര്‍. 96 വോട്ടുകള്‍ക്കാണ് ഷംസീറിന്റെ വിജയം. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ അന്‍വര്‍ സാദത്തിന് 40 വോട്ടുകളാണ് ലഭിച്ചത്. ഇന്ന് രാവിലെ പത്തിനാണ് തെരഞ്ഞെടുപ്പ് നടന്നത്. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അദ്ധ്യക്ഷതയിലായിരുന്നു വോട്ടെടുപ്പ് നടന്നത്.എ.എന്‍. ഷംസീറിന് വേണ്ടി മൂന്ന് സെറ്റ് പത്രികകളും അന്‍വര്‍ സാദത്തിന് വേണ്ടി ഒരു സെറ്റ് പത്രികയുമാണ് സമര്‍പ്പിച്ചിരുന്നത്.
സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എ എന്‍ ഷംസീറിനെ മുഖ്യമന്ത്രി പിണറായി വിജയന്. അനുമോദിച്ചു. താരതമ്യേന ചെറിയ പ്രായത്തില്‍ സഭാദ്ധ്യക്ഷ സ്ഥാനത്തു വന്ന നിരവധിപേരുണ്ട്. ആ നിരയിലാണ് അങ്ങയുടെയും സ്ഥാനം. ഇതിലും കുറഞ്ഞ പ്രായത്തില്‍ അദ്ധ്യക്ഷ സ്ഥാനത്തു വന്ന സി എച്ച് മുഹമ്മദ് കോയയെ പോലുള്ളവരുടെ കാര്യം ഞാന്‍ മറക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്രത്തോളം ഇളപ്പമില്ലെങ്കിലും പ്രായത്തെ കടന്നു നില്ക്കുന്ന പരിജ്ഞാനവും പക്വതയും അങ്ങേയ്ക്കുണ്ട്. അത് ഈ സഭയുടെ നടത്തിപ്പിന് മുതല്‍കൂട്ടാകും എന്ന കാര്യത്തില്‍ സംശയമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്പീക്കറായിരുന്ന എം.ബി. രാജേഷ് തദ്ദേശഭരണ, എക്സൈസ് വകുപ്പ് മന്ത്രിയായ സാഹചര്യത്തിലാണ് പുതിയ സ്പീക്കറെ തിരഞ്ഞെടുക്കേണ്ടി വന്നത്. നിയമനിര്‍മാണത്തിനായി ചേര്‍ന്ന കഴിഞ്ഞ നിയമസഭാസമ്മേളനം ഈ മാസം ഒന്നിന് സമാപിച്ചിരുന്നെങ്കിലും അത് പിരിച്ചുവിട്ടുകൊണ്ടുള്ള തീരുമാനം മന്ത്രിസഭായോഗം അംഗീകരിച്ച് ഗവര്‍ണറെ അറിയിച്ചിരുന്നില്ല. അതുകൊണ്ട് സാങ്കേതികമായി ആ സമ്മേളനത്തിന്റെ തുടര്‍ച്ചയായിട്ടാണ് ഇന്നത്തെ സമ്മേളനവും. ഇന്ന് സ്പീക്കര്‍ തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭായോഗം ചേര്‍ന്ന് സമ്മേളനം പിരിച്ചുവിട്ടതായി അംഗീകരിച്ച് ഗവര്‍ണറോട് അഭ്യര്‍ത്ഥിക്കും.