പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തി. അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. സംഘടനയുടെ പ്രവര്‍ത്തനം നിയമവിരുദ്ധമെന്ന് കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണ് നിരോധനം. പിഎഫ്ഐക്ക് അന്താരാഷ്ട്ര ഭീകരസംഘടനകളുമായുള്ള ബന്ധം തെളിഞ്ഞതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ടിന്റെ സ്ഥാപക നേതാക്കളില്‍ ചിലര്‍ക്ക് നിരോധിത സംഘടനകളായ സിമിയുടെയും ജമാഅത്ത് ഉല് മുജാഹിദ്ദീന്‍ ബംഗ്ലാദേശി (ജെഎംബി)ന്റെയും നേതാക്കളായിരുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
റിഹാബ് ഇന്ത്യ ഫൗണ്ടേഷന് (ആര്‍ഐഎഫ്), കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്ഐ), ഓള് ഇന്ത്യ ഇമാംസ് കൗണ്‍സില്‍ (എഐഐസി), നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്ഗനൈസേഷന് (എന്‍സിഎച്ച്ആര്‍ഒ), നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്, റിഹാബ് ഫൗണ്ടേഷന് കേരള എന്നീ അനുബന്ധ സംഘടനകളും നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളമടക്കം 15 സംസ്ഥാനങ്ങളിലായിരുന്നു കേന്ദ്ര ഏജന്‍സികളായ എന്‍.ഐ.എ, ഇ.ഡി എന്നിവരുടെ നേതൃത്വത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസികളും നേതാക്കളുടെ വീടുകളിലുമായി റെയ്ഡ് നടത്തിയത്. റെയ്ഡില്‍ സംഘടനയുടെ ദേശീയ നേതാക്കളടക്കം അറസ്റ്റിലാവുകയും ചെയ്തിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 19 നേതാക്കളാണ് അറസ്റ്റിലായത്.
റെയ്ഡിനെ തുടര്‍ന്ന് ഹര്‍ത്താല്‍ അടക്കമുള്ള പ്രതിഷേധപരിപാടികള്‍ ആഹ്വാനം ചെയ്തിരുന്നുവെങ്കിലും കഴിഞ്ഞ ദിവസവും റെയ്ഡ് തുടര്‍ന്നു. ചൊവ്വാഴ്ച മാത്രം എട്ട് സംസ്ഥാനങ്ങളില്‍ നടന്ന റെയ്ഡില്‍ 250-ഓളം പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു.
ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള നിരോധിത ഭീകര സഘടനകളിലേക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ യുവാക്കളെ റിക്രൂട്ട് ചെയ്തതായാണ് എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് നിരോധനം. ജനാധിപത്യത്തെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളേയും ഭരണഘാടനാ സ്ഥാപനങ്ങളേയും അവഹേളിച്ചാണ് സംഘടനയുടെ പ്രവര്‍ത്തനമെന്ന് നിരോധന ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സംഘടനകള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നും ഉത്തരവില്‍ പറയുന്നു.
ഇവരുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യസുരക്ഷ, പരമാധികാരം, ദേശീയത എന്നിവയ്ക്കെല്ലാം എതിരായുള്ളതാണ്. ജനങ്ങളുടെ സാമുദായിക യോജിപ്പിനും സമാധാനപരമായ ജീവിതത്തിനും സംഘടനകളുടെ പ്രവര്‍ത്തനം വിഘാതമേല്പ്പിക്കുന്നുവെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിന് പുറമേ പി.എഫ്.ഐയുടെ സ്ഥാപക നേതാക്കള്‍ മുന്‍ സിമി പ്രവര്‍ത്തകരാണെന്നും സംഘടനയ്ക്ക് ജമഅത്ത്-ഉള്-മുജാഹിദീന്‍ ബംഗ്ലാദേശ് എന്ന സംഘടനയുമായി ബന്ധമുണ്ടെന്നും ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.