ശിരോവസ്ത്രം ധരിക്കാത്തതിനും ഇസ്ലാം വിശ്വാസം പിന്തുടരാത്തതിനും ഹിന്ദുവായ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. മുംബൈയിലെ തിലക് നഗര്‍ മേഖലയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഇഖ്ബാല്‍ മുഹമ്മദ് ഷെയ്ഖ് ആണ് ഭാര്യയെ കൊലപ്പെടുത്തിയത്. രുപാലി ചന്ദന്‍ശിവെ മൂന്ന് വര്‍ഷം മുമ്പാണ് ഇഖ്ബാലിനെ പ്രണയിച്ച് വിവാഹം ചെയ്തത്. ഇരുവര്‍ക്കും രണ്ട് വയസ്സുള്ള കുഞ്ഞുണ്ട്.
സംഭവത്തില്‍ രുപാലിയുടെ കുടുംബം നല്കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇസ്ലാംമത വിശ്വാസപ്രകാരം ജീവിക്കാന്‍ ഇഖ്ബാലും കുടുംബവും രുപാലിയെ നിര്‍ബന്ധിച്ചിരുന്നുവെന്ന് പരാതിയില്‍ കുടുംബം ആരോപിച്ചു. ഇതിന് വിസമ്മതിച്ച രുപാലി, ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കുറച്ച് മാസങ്ങളായി വീട്ടില്‍നിന്ന് മാറിയാണ് താമസിച്ചിരുന്നത്. സെപ്റ്റംബര്‍ 26-ന് രാത്രി പത്തോടെ ഇഖ്ബാല്‍ കത്തിയുപയോഗിച്ച് കഴുത്തറുത്താണ് രുപാലിയെ കൊന്നതെന്ന് തിലക് നഗര്‍ പോലീസ് പറഞ്ഞു.
പിരിഞ്ഞാണ് താമസിച്ചിരുന്നതെങ്കിലും ഇരുവരും തമ്മില്‍ ഫോണ്‍ വിളിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്യുന്നത് പതിവായിരുന്നുവെന്നും പോലീസ് പറഞ്ഞു. മകന്റെ അവകാശത്തെച്ചൊല്ലിയാണ് ഇരുവരും തമ്മില്‍ അവസാനമായി തര്‍ക്കമുണ്ടായത്. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ ഇഖ്ബാല്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. രുപാലിയുടെ കരച്ചില്‍കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്.