42.90 ലക്ഷം രൂപയുടെ മുതല്‍ മുടക്കില്‍ മുഖ്യമന്ത്രിയുടെ ഔദ്യാേഗിക വസതിയായ ക്ളിഫ് ഹൗസില്‍ കാലിത്തൊഴുത്തിന്റെയും ചുറ്റുമതിലിന്റെയും നിര്‍മ്മാണം തുടങ്ങി. പശുക്കള്‍ക്ക് പാട്ടുകേള്‍ക്കുന്നതിനുള്ള മ്യൂസിക്ക് സിസ്റ്റവും തൊഴുത്തില്‍ സ്ഥാപിക്കും എന്നാണ് വിവരം. രണ്ടുമാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് പൊരുമരാമത്ത് വകുപ്പ് കരാറുകാരന് നല്‍കിയിരിക്കുന്നത്. നിലവില്‍ ക്ളിഫ് ഹൗസിലെ താെഴുത്തില് അഞ്ച് പശുക്കളുണ്ട്. ഇതിന് പുറമേയാണ് ആറുപശുക്കള്ക്കായി പുതിയ തൊഴുത്ത് നിര്‍മ്മിക്കുന്നത്.
തൊഴുത്ത് വൈദ്യുതീകരിക്കുന്നതിനായി പ്രത്യേകമായി തുക വകയിരുത്തിയിട്ടുണ്ട്. 800 ചതുരശ്രയടിയിലാണ് പുതിയ തൊഴുത്ത് നിര്‍മ്മിക്കുന്നത്. ജോലിക്കാര്‍ക്ക് വിശ്രമിക്കാനും കാലിത്തീറ്റയുള്പ്പടെയുള്ളവ സൂക്ഷിക്കാനുമായി പ്രത്യേക മുറികളുമുണ്ടാവും. നിലവില്‍ ഒറ്റനില മന്ദിരമാണ് നിര്‍മ്മിക്കുന്നതെങ്കിലും ഫൗണ്ടേഷന് ഇരുനില മന്ദിരത്തിനുവേണ്ടിയുള്ളതാണ്. ഭാവിയില്‍ മുകള്‍ നിലയില്‍ ക്ളിഫ് ഹൗസിലെ ജീവനക്കാര്‍ക്കായി പ്രത്യേക ക്വാര്‍ട്ടേഷ്സ് പണിയുകാണ് ലക്ഷ്യം.ക്ളിഫ് ഹൗസിന് ചുറ്റുമതിലുണ്ടെങ്കിലും കോമ്പൗണ്ടിന് ചുറ്റുമുള്ള മതിലില്‍ പലയിടത്തുംപൊളിഞ്ഞുവീണ സ്ഥലങ്ങള്‍ തകര ഷീറ്റ് വച്ച് മറച്ച നിലയിലാണ്.
ഒരാള്‍ക്ക് നിഷ്പ്രയാസം കടക്കാവുന്ന നിലയില്‍ മതിലിന് ഉയരവും കുറവാണ്. സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി പൊലീസ് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് കെട്ടിട വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരമാണ് പുതിയ ചുറ്റുമതിലിന് പദ്ധതി തയ്യാറാക്കിയത്.ക്ളിഫ് ഹൗസ് കോമ്പൗണ്ടിന് ചുറ്റും റസിഡന്‍ഷ്യല്‍ ഏരിയയായതിനാല്‍ ഇതുവഴി ആര്‍ക്കും ക്ളിഫ് ഹൗസില്‍ പ്രവേശിക്കാം. സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തിന്റെ ഭാഗമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ക്ളിഫ് ഹൗസ് കോമ്പൗണ്ടില്‍ കടന്ന് സില്‍വര്‍ലൈന്‍ അതിര്‍ത്തിക്കല്ല് സ്ഥാപിച്ച് പ്രതിഷേധിച്ചത് വന്‍ ഒച്ചപ്പാടിന് വഴി വച്ചിരുന്നു.