തമിഴ്നാട്ടില്‍ ആര്‍എസ്എസിന്റെ റൂട്ട് മാര്‍ച്ചിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് സംസ്ഥാനത്തെ 50 സ്ഥലങ്ങളിലാണ് റൂട്ട് മാര്‍ച്ച് നടത്താന്‍ ആര്‍എസ്എസ് തീരുമാനിച്ചിരുന്നത്.
നേരത്തെ, മാര്‍ച്ച് നടത്തുന്നതിന് മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ തിരുവള്ളൂര്‍ പൊലീസ് മാര്‍ച്ചിന് അനുമതി നിഷേധിക്കുകയായിരുന്നു. ഇതിനെതിരെ ആഭ്യന്തര സെക്രട്ടറി, ഡിജിപി, ജില്ലാ പോലീസ് മേധാവി, തിരുവള്ളൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ തുടങ്ങിയവര്‍ക്കെതിരെ ആര്‍എസ്എസ് ലീഗല്‍ നോട്ടീസ് അയച്ചു. പൊലീസിന്റെ നടപടി കോടതി അലക്ഷ്യമാണെന്നാണ് ആര്‍എസ്എസിന്റെ വാദം. മാര്‍ച്ചിന് സുരക്ഷ ഒരുക്കുകയാണ് പൊലീസിന്റെ ചുമതലയെന്നും നോട്ടീസില്‍ ആര്‍എസ്എസ് പറയുന്നു.
പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തിന് പിന്നാലെ സംസ്ഥാനത്തെ പലയിടത്തും പോലീസ് കനത്ത ജാഗ്രതയിലാണ്. പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലും കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ചെന്നൈയില്‍ മാത്രം നാലായിരത്തോളം പോലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. കോയമ്പത്തൂര്‍ മേഖലയില്‍ ആയിരത്തോളം പോലീസുകാരെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആര്.എസ്.എസ നടത്തുന്ന റൂട്ട് മാര്‍ച്ചിന് സുരക്ഷ ഒരുക്കാന്‍ കഴിയില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.