സിപിഎം നേതാവ് കോടിയേരെ ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരി പ്രതിയായ ബലാത്സംഗ കേസ് ഒത്തുതീര്‍പ്പാക്കിയത് വന്‍ തുകയ്ക്ക്. പരാതിക്കാരിയായ ബിഹാറുകാരിയായ മുന്‍ ബാര്‍ ഡാന്‍സറുടെ കുട്ടിക്ക് ഭാവിയില്‍ സ്വത്തില്‍ അവകാശമുന്നയിക്കാനാവില്ല എന്നുള്‍പ്പടെ ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ പറയുന്നുണ്ട്.
പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെ ക്ഷേമം, സന്തോഷം, സംരക്ഷണം, വളര്‍ച്ച എന്നീ കാര്യങ്ങള്‍ക്കുവേണ്ടിയാണ് 80 ലക്ഷം രൂപനല്‍കിയത്. തിരുവനന്തപുരം കുറവന്‍കോണം കനറാബാങ്കിന്റെ ഡിമാന്‍ഡ് ഡ്രാഫ്റ്റായാണ് പണം നല്‍കിയത്.
കോടതിയില്‍ 80 ലക്ഷമാണ് കാണിച്ചതെങ്കിലും വലിയ തുകയ്ക്കാണ് കേസ് ഒത്തുതീര്‍പ്പായതെന്ന് യുവതിയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. കുട്ടിയുടെ പിതൃത്വം തിരിച്ചറിയാനായുള്ള ഡി.എന്‍.എ. ഫലം മുദ്രവെച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് പുറത്തുവിടണമെന്നാവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് ഒത്തുതീര്‍ക്കാനുള്ള ശ്രമം നടന്നത്.
11 വയസ്സുള്ള ആണ്‍കുട്ടി പ്രായപൂര്‍ത്തിയായതിനുശേഷം ഡി.എന്‍.എ. ഫലത്തിനായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചാല്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥയ്ക്ക് പ്രസക്തിയുണ്ടാവില്ലെന്ന് നിയമവൃത്തങ്ങള്‍ പറയുന്നു.
2019 ജൂണിലാണ് ബിനോയിക്കെതിരെ ബിഹാര്‍ സ്വദേശിനിയായ യുവതി മുംബൈ പൊലീസില്‍ പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ മകനുണ്ടെന്നുമാണ് പരാതിയില്‍ ആരോപിച്ചത്. ദുബായില്‍ ഡാന്‍സ് ബാറില്‍ ജോലി ചെയ്യുമ്പോഴാണ് ബിനോയിയെ പരിചയപ്പെടുന്നത്. 2009 നവംബറില്‍ ബിനോയി കോടിയേരിയില്‍ നിന്നും ഗര്‍ഭിണിയായി. പിന്നീട് മുംബൈയില്‍ ഫ്ലാറ്റ് എടുത്തു നല്‍കുകയും കുട്ടിക്കും തനിക്കും ചെലവിനായി ബിനോയി മാസം പണം അയച്ചിരുന്നതായും യുവതി വ്യക്തമാക്കുന്നു.