എന്‍ഐഎ റെയ്ഡില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കല്ലേറ് നടത്തിയ സംഭവത്തില്‍ സൂത്രധാരന്‍ അറസ്റ്റില്‍. പിഎഫ്ഐ പ്രവര്‍ത്തകനും കാര്യറ സ്വദേശിയുമായ അബ്ദുല്‍ ബാസിത് എന്ന ബാസിത് ആല്‍വി (25) ആണ് അറസ്റ്റിലായത്. ഇയാള്‍ക്ക് പിഎഫ്ഐ ജില്ലാ നേതൃത്വവുമായി വളരെ അടുത്ത ബന്ധമുള്ളതായി പോലീസ് അറിയിച്ചു.
കേസിലെ ഒന്നാം പ്രതിയാണ് ബാസിത്. ഇതോടെ ഹര്‍ത്താല്‍ ദിനത്തില്‍ പുനലൂര്‍ സ്റ്റേഷന് പരിധിയില്‍ വാഹനങ്ങള്‍ക്ക് കല്ലെറിഞ്ഞ സംഭവത്തിലെ നാലുപേരും പിടിയിലായി. പുനലൂര്‍ കാര്യറ ദാറുസലാമില്‍ മുഹമ്മദ് ആരിഫ് (21), കോക്കാട് തലച്ചിറ കിഴക്ക് റെഫാജ് മന്‍സിലില്‍ സെയ്ഫുദീന്‍ (25), കോക്കാട് തലച്ചിറ അനീഷ് മന്‍സിലില്‍ അനീഷ് (31) എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു. ഇവര്‍ സഞ്ചരിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തിരുന്നു. കല്ലേറില്‍ ബസ്സിന്റെയും ലോറിയുടെയും മുന്നിലെ ചില്ലുതകരുകയും ബസ് ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കൂടാതെ, പുനലൂരിലും തെന്മലയിലും കുന്നിക്കോടും ലോറിക്ക് നേരെയും കല്ലേറുണ്ടായി. ഈ സംഭവങ്ങളില്‍ സൂത്രധാരന്‍ ബാസിത് ആല്‍വിയാണെന്നാണ് പോലീസ് പറയുന്നത്. പുനലൂരും തെന്മലയിലും കുന്നിക്കോടും കല്ലേറ് നടത്തിയ ശേഷം ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. മേഖലയിലെ എണ്‍പതോളം വരുന്ന സിസിടിവി ക്യാമറകള്‍ ശേഖരിച്ചു നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടാനായത്. കല്ലേറില്‍ കെഎസ്ആര്‍ടിസിക്ക് മൂന്നു ലക്ഷം രൂപയുടെയും ലോറികള്‍ക്ക് 1.5 ലക്ഷത്തിന്റെയും നഷ്ടം ഉണ്ടായതായി പറയുന്നു.
പാചകവും കോമഡിയും ഉള്ളടക്കമായി മലയാളത്തിലെ പ്രമുഖ സ്വകാര്യ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയിലെ മത്സരാര്‍ഥിയായ ഇയാള്‍, തഗ്ഗ് മറുപടികളിലൂടെയും ദ്വയാര്‍ഥ പരാമര്‍ശങ്ങളിലൂടെയും കുപ്രസിദ്ധനാണ്.