ഉത്തരേന്ത്യയിലും വിദേശ രാജ്യങ്ങളിലും നാം കേട്ടിട്ടുള്ള നരബലി കേരളത്തിലും നടന്നതായി റിപ്പോര്‍ട്ടുകള്‍. തിരുവല്ലയിലെ ദമ്പതികള്‍ക്ക് വേണ്ടി എറണാകുളം ജില്ലയിലെ രണ്ട് സ്ത്രീകളെ ബലി നടത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പെരുമ്പാവൂരുകാരനായ ഏജന്റിനെയും ദമ്പതിമാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കാലടി സ്വദേശിനിയായ റോസിലി, കടവന്ത്രയില്‍ ലോട്ടറി വില്പനക്കാരിയായ തമിഴ്നാട് സ്വദേശിനി പത്മ എന്നീ സ്ത്രീകളാണ് അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്. ഇരുവര്‍ക്കും അമ്പത് വയസിനോടടുത്ത് പ്രായമുണ്ട്.
തിരുവല്ല സ്വദേശിയായ ഭഗവല്‍ സിംഗ്, ഭാര്യ ലൈല, പെരുമ്പാവൂര്‍ സ്വദേശിയായ മുഹമ്മദ് ഷാഫി എന്ന ഷിഹാബ് എന്നിവരാണ് നരബലിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്. ഐശ്വര്യവും സമ്പത്തും ലഭ്യമാകുമെന്ന് വിശ്വസിപ്പിച്ച് പെരുമ്പാവൂരിലെ ഏജന്റിന്റെ സഹായത്തോടെ സ്ത്രീകളെ തിരുവല്ലയിലെത്തിച്ച് ബലി നല്‍കിയെന്നാണ് വിവരം.
നരബലിക്കായി റോസ്ലിയെയാണ് ആദ്യം കൊണ്ടുപോയത്. ഷിഹാബാണ് സ്ത്രീയെ വൈദ്യന് പരിചയപ്പെടുത്തിക്കൊടുത്തത്. തുടര്‍ന്ന് മറ്റൊരു ആവശ്യത്തിനെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് പത്തനംതിട്ടയിലേക്ക് കൊണ്ടുപോയത്. പിന്നീട് പൂജ നടത്തി ബലി നല്‍കുകയായിരുന്നുവെന്നാണ് വിവരം. കഴുത്തറുത്ത് കൊന്ന്, മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു.
ലോട്ടറി വില്‍പ്പനക്കാരിയായ പത്മത്തെ സെപ്തംബര്‍ 27നാണ് കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മുന്‍പും പ്രദേശത്ത് സമാനമായ മിസിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ ഷിഹാബ് വൈദ്യനുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പെരുമ്പാവൂര്‍ കേന്ദ്രീകരിച്ചുള്ള സിദ്ധനെ പ്രീതിപ്പെടുത്തിയാല്‍ ഐശ്വര്യം ഉണ്ടാകുമെന്നും, ഇതിനായി നരബലി നടത്തണമെന്നും വൈദ്യനെ ഏജന്റ് വിശ്വസിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആറന്മുള പൊലീസ് സ്റ്റേഷനതിര്‍ത്തിയിലെ ഇലന്തൂരില്‍ വര്‍ഷങ്ങളായി ഇയാള്‍ വീട്ടില്‍ തിരുമ്മുചികിത്സ നടത്തിയിരുന്നു. ഏത് രാത്രിയിലും ചികിത്സയ്ക്കായി വൈദ്യരെ സമീപിക്കാമായിരുന്നു. എത്തുന്ന രോഗികളെ ഒരിക്കലും അയാള്‍ നിരാശനാക്കി വിട്ടിരുന്നില്ല. പലപ്പോഴും രാത്രിയില്‍പ്പോലും ദൂരെദിക്കില്‍ നിന്ന് രോഗികളെയുംകൊണ്ട് വാഹനങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ ഇതുവരെ ഒരു സംശയവും തോന്നിയിരുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടെ പൊലീസ് ഭഗവന്ത് സിംഗിനെയും ഭാര്യ ലൈലയെയും കസ്റ്റഡിയിലെടുത്തപ്പോഴാണ് എന്തോ പന്തികേടുണ്ടെന്ന് നാട്ടുകാര്‍ക്ക് മനസിലായത്. എന്നാല്‍ ഇരുവരും അരുകൊല നടത്തിയതാണെന്ന് നാട്ടുകാര്‍ക്ക് മനസിലായത് ഇന്ന് രാവിലെയോടെയാണ്. വിവരമറിഞ്ഞ് വൈദ്യര് ചികിത്സിച്ചിരുന്ന രോഗികളില്‍ പലരും സ്ഥലത്ത് എത്തിയിട്ടുണ്ട്.
സാമ്പത്തിക ഉന്നമനത്തിനായി ഭഗവന്ത് സിംഗ് ബലിയര്‍പ്പിക്കല്‍ നടത്തിയെന്ന് പൊലീസിന് വിവരം ലഭിച്ചത് രണ്ടാഴ്ചയ്ക്കുമുമ്പാണ്. രണ്ടാഴ്ചയായി ഇതുസംബന്ധിച്ച് അന്വേഷണത്തിലാണ്. വ്യക്തമായ തെളിവുകള്‍ ശേഖരിച്ച ശേഷമായിരുന്നു ഇരുവരെയും കസ്റ്റഡിയിലെടുത്തത്. കുഴിച്ചുമൂടിയ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അതിനുശേഷമായിരിക്കും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുക.