അധ്യാപികയെ മര്‍ദ്ദിച്ചുവെന്ന കേസില്‍ പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പള്ളിക്കെതിരെ പോലീസ് കേസെടുക്കും. അധ്യാപിക മജിസ്ട്രേറ്റിനു നല്കിയ മൊഴിയിലും പരാതി ആവര്‍ത്തിച്ചു. പരാതി പിന്‍വലിക്കാന്‍ പണം വാഗ്ദാനം ചെയ്തുവെന്നും ആരോപണമുണ്ട്.
അതിനിടെ, എംഎല്‍എ പീഡിപ്പിച്ചുവെന്നും മജിസ്ട്രേറ്റിനു മുന്നില്‍ നല്കിയ മൊഴിയില്‍ പറയുന്നു. പല തവണ പല സ്ഥലത്തുകൊണ്ടുപോയി പീഡിപ്പിച്ചു. പരാതി നല്‍കിയതിനു പിന്നാലെ ഭീഷണിപ്പെടുത്തിയെന്നും പിന്നീട് ഒത്തുതീര്‍പ്പിന് എത്തിയെന്നും പറയുന്നു. എംഎല്‍എയും കോവളം സിഐയും ഒത്തുതീര്‍പ്പിന് ശ്രമിച്ചു. ഇതേതുടര്‍ന്നാണ് തനിക്കാണ് തമിഴ്നാട് അടക്കമുള്ള സ്ഥലങ്ങളിലേക്ക് മാറിനില്‍ക്കേണ്ടി വന്നതെന്നും യുവതി മൊഴിയില്‍ പറയുന്നു.
ഒരാഴ്ച മുമ്പ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയെങ്കിലും പോലീസ് കേസെടുക്കാന്‍ തയാറായില്ലെന്ന് യുവതി ആരോപണം ഉന്നയിച്ചു. കോവളം സിഐ തന്നെ ഭീഷണിപ്പെടുത്തി കേസില്‍ നിന്ന് പിന്തിരിപ്പിക്കാന് ശ്രമിച്ചെന്നും യുവതി ആരോപണം ഉന്നയിച്ചു.
തിരുവനന്തപുരം സ്വദേശിയായ അധ്യാപികയാണ് കേസിലെ പരാതിക്കാരി. എംഎല്‍എ മര്‍ദിച്ചെന്നാണ് യുവതി രണ്ടാഴ്ച മുമ്പ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. കോവളം പോലീസിനായിരുന്നു കേസിന്റെ അന്വേഷണ ചുമതല. എന്നാല്‍ പരാതിയില്‍ മൊഴി നല്കാന് യുവതി തയാറായില്ലെന്നു പോലീസ് പറഞ്ഞു.
ഇതിനിടെ തിങ്കളാഴ്ച യുവതിയെ കാണാനില്ലെന്ന് കാണിച്ച് സുഹൃത്ത് വഞ്ചിയൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ കോവളം പോലീസ് ഇവരെ നെയ്യാറ്റിന്‍കരയില്‍നിന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വഞ്ചിയൂര്‍ പോലീസിനു കൈമാറി.
യുവതിയെ കാണാതായെന്ന് വഞ്ചിയൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയപ്പോഴാണ് യുവതി പീഡനവിവരം വെളിപ്പെടുത്തിയത്.