ഒരു മാസം മുമ്പ് പ്ലസ്ടു വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ അദ്ധ്യാപിക അറസ്റ്റില്‍. പ്ലസ് ടു പരീക്ഷയ്ക്ക് ശേഷമായിരുന്നു വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ. മരണത്തിന് പിന്നിലെ കാരണം തേടിയുള്ള അമ്മയുടെ അന്വേഷണമാണ് അദ്ധ്യാപികയുടെ അറസ്റ്റില്‍ കലാശിച്ചത്. തമിഴ്നാട് അമ്പത്തൂരിലാണ് സംഭവം. ഇരുവരും പ്രണയത്തിലായിരുന്നെന്നും അദ്ധ്യാപിക ബന്ധത്തില്‍ നിന്ന് പിന്മാറിയതാണ് വിദ്യാര്‍ത്ഥിയുടെ മരണത്തിന് കാരണമെന്നും പൊലീസ് പറയുന്നു.
ചെന്നൈയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള അമ്പത്തൂരിലെ സര്‍ക്കാര്‍-എയ്ഡഡ് സ്കൂളിലാണ് അദ്ധ്യാപിക ജോലി ചെയ്യുന്നത്. പത്താം ക്ലാസ് മുതല്‍ മൂന്ന് വര്‍ഷമായി വിദ്യാര്‍ത്ഥിയെ ഈ അദ്ധ്യാപിക പഠിപ്പിച്ചുവരികയായിരുന്നു. പഠിക്കാനായി ചിലപ്പോള്‍ സഹപാഠികളോടൊപ്പം വിദ്യാര്‍ത്ഥി അദ്ധ്യാപികയുടെ വീട്ടില്‍ പോകാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
'വിവാഹനിശ്ചയത്തിന് ശേഷം അദ്ധ്യാപിക അവനുമായുള്ള ബന്ധം അവസാനിപ്പിച്ചു. ആണ്‍കുട്ടിക്ക് ആ ബന്ധം തുടരാന്‍ ആഗ്രഹമുണ്ടായിരുന്നു'. പൊലീസ് പറഞ്ഞു. അദ്ധ്യാപികയുടെ ഫോണില്‍ കുട്ടിയുമൊത്തുള്ള ഫോട്ടോകള്‍ കണ്ടെടുത്തതാണ് ഒടുവില്‍ അറസ്റ്റിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.