വിദേശ യാത്രയെ മാധ്യമങ്ങള്‍ കണ്ടത് ഉല്ലാസയാത്രയായാണെന്നും ആ പ്രവണത ശരിയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്. തന്റെ ഒപ്പം കുടുംബാംഗങ്ങള്‍ വന്നതില്‍ അനൗചിത്യമില്ലെന്നും പിണറായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ മുന്നോട്ടു പോക്കിന് അനിവാര്യമായതിനാലാണ് വിദേശസന്ദര്‍ശനം നടത്തിയതെന്നും പിണറായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
''മാധ്യമങ്ങള്‍ ഏതു കാര്യത്തിനാണ് ഊന്നല്‍ നല്‍കുന്നത്? എന്തു സന്ദേശമാണ് നല്‍കുന്നത്? സംസ്ഥാനത്തിന്റെ പുരോഗതിക്കു സഹായിക്കുന്ന ഒട്ടേറെ കാര്യങ്ങളിലേക്കാണ് വിദേശയാത്രയിലൂടെ കടക്കാനൊരുങ്ങുന്നത്. ഉല്ലാസയാത്ര, ധൂര്‍ത്ത്, നാടിനു സംഭാവന നല്കുന്ന യാത്രയല്ല എന്നീ സന്ദേശങ്ങള്‍ നല്‍കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്. നാടിനെ അഭിവൃദ്ധിപ്പെടുത്താനുള്ള ശ്രമം നടക്കുമ്പോള്‍ എന്തിനാണ് ഈ സന്ദേശം നല്‍കുന്നത്?
പ്രതിപക്ഷത്തിന്റെ നിലയിലേക്കു മാധ്യമങ്ങള്‍ താഴരുത്. അവേശകരമായ നേട്ടങ്ങളാണു യാത്രയിലൂടെ ഉണ്ടായത്. മാധ്യമങ്ങള്‍ പ്രചരിപ്പിക്കാന്‍ നോക്കുന്ന നിലയല്ല വിദേശികളുടെ മനസ്സിലുള്ളത്. അവര്‍ കേരളത്തെക്കുറിച്ച് നന്നായി മനസ്സിലാക്കിയിട്ടുണ്ട്. ആരോഗ്യകരമായ പ്രതികരണമാണ് അവരില്‍നിന്ന് ഉണ്ടായത്. നിഷേധാത്മക നിലപാട് അവര്‍ക്കുണ്ടായിട്ടില്ല. കേരളത്തെക്കുറിച്ച് വിദേശികള്‍ കൃത്യമായി പഠിക്കുന്നുണ്ട്. നാടിനെക്കുറിച്ച് നല്ല സന്ദേശം വളര്‍ത്താനാണ് മാധ്യമങ്ങള്‍ ശ്രമിക്കേണ്ടത്''- മുഖ്യമന്ത്രി പറഞ്ഞു.
യാത്ര കൊണ്ട് വിദ്യാഭ്യാസ, വ്യവസായ മേഖലകളില്‍ നേട്ടമുണ്ടാക്കാനാകും. ആരോഗ്യമേഖലയില്‍ മൂവായിരത്തിലധികം പേര്‍ക്ക് ബ്രിട്ടണില്‍ ജോലിക്ക് സാധ്യത തെളിഞ്ഞു. യുകെയിലേക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കാന്‍ കരാര്‍ ഒപ്പുവച്ചു. ഗ്രഫീന്‍ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാനുള്ള തീരുമാനങ്ങള്‍ ഉണ്ടായി.
ലോകകേരള സഭയില്‍ 10 യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്തു. തൊഴില്‍ മേഖല നിക്ഷേപങ്ങള്‍ , അനധികൃത കുടിയേറ്റം ഇവ ലോക കേരള സഭചര്‍ച്ച ചെയ്തു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ ലഭ്യത ഉറപ്പാക്കാന്‍ ഹെല്‍ത്ത് കെയര്‍ പാര്‍ട്ട്ണര്‍ഷിപ്പുമായി ധാരണാപത്രം നോര്‍ക്ക ഒപ്പുവെച്ചു. നവംബറില്‍ ഒരാഴ്ച നീളുന്ന യു.കെ എംപ്ളോയ്മെന്റ് ഫെസ്റ്റ് നടത്തും. ബ്രക്സിറ്റ് പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള നഴ്സുമാര്‍ക്ക് കൂടുതല്‍ തൊഴില്‍ സാധ്യതയുണ്ട്.
യുകെയില്‍ വെയില്‍സില്‍ ഗിഫ്റ്റ് സിറ്റി നിക്ഷേപത്തെ കുറിച്ച് ചര്‍ച്ച ചെയ്തു. വെയ്ല് സിലേക്ക് ആരോഗ്യ പ്രവര്‍ത്തകരെ ഒരു വര്‍ഷത്തിനകം അയക്കാനാവും എന്ന് പ്രതീക്ഷിക്കുന്നു. തുടര്‍ചര്‍ച്ചകള്‍ ജനുവരിയില്‍. ലണ്ടനില്‍ ഗോപി ചന്ദ് ഹിന്ദുജയുമായി ചര്‍ച്ച ചെയ്തു. നിക്ഷേപം ഉറപ്പായി. മൂന്നംഗ ടീം ചര്‍ച്ചക്ക് വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.