സ്ത്രീധനം ലഭിച്ച കാര്‍ ഓടിച്ചു നോക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ വരന്റെ അമ്മായിക്ക് ദാരുണാന്ത്യം. വരന് ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് വിവാഹ വേദിക്ക് പുറത്ത് നില്‍ക്കുകയായിരുന്ന ബന്ധുക്കളുടെ ഇടയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. അപകടത്തില്‍ മറ്റ് നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കാണ്‍പുരിലെ ഇറ്റാവ ജില്ലയിലെ അക്ബര്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം.വരനായ അരുണ്‍ കുമാറിന് ഡ്രൈവിംഗ് അറിയില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വിവാഹത്തിന് മുമ്പുള്ള ചടങ്ങുകള്‍ക്ക് ശേഷമാണ് വധുവിന്റെ വീട്ടുകാര്‍ വരന് സമ്മാനമായി കാര്‍ നല്‍കിയത്. മുന്‍പ് ഒരിക്കല്‍ പോലും ഡ്രൈവ് ചെയ്തിട്ടില്ലെങ്കിലും പുതിയ കാറില്‍ അപ്പോള്‍ തന്നെ ടെസ്റ്റ് ഡ്രൈവ് ചെയ്യാന്‍ അരുണ്‍ തീരുമാനിക്കുകയായിരുന്നു. വാഹനം സ്റ്റാര്‍ട്ടാക്കി ബ്രേക്ക് പിടിക്കുന്നതിന് പകരം അരുണ്‍ ആക്സിലേറ്റര്‍ അമര്‍ത്തിയതോടെ കാര്‍ കുതിച്ച് പാഞ്ഞു. പിന്നാലെ കാര്‍ വേദിക്ക് പുറത്ത് നില്‍ക്കുകയായിരുന്ന ബന്ധുക്കളുടെ ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ചക്രത്തിനടിയില്‍ പെട്ട് വരന്റെ അമ്മായി സരള ദേവി (35)യാണ് മരണപ്പെട്ടത്. 10 വയസ്സുള്ള ഒരു കുട്ടിക്കും കൂട്ടത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അരുണ്‍ കുമാറിനെ കസ്റ്റഡിയിലെടുത്തതായി സ്റ്റേഷന് ഹൗസ് ഓഫീസര്‍ റണ്‍വിജയ് സിംഗ് പറഞ്ഞു. ഔറയ്യ സ്വദേശിനിയുമായാണ് അരുണ്‍കുമാറിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്.