ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണ് തെലങ്കാനയില്‍ ബിജെപിയുടെ 'ഓപ്പറേഷന് കമല'യ്ക്കു പിന്നിലെന്ന ആരോപണവുമായി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു (കെസിആര്‍) രംഗത്ത്.
ടിആര്‍എസ് എംഎല്‍എമാരെ ബിജെപിയില്‍ എത്തിക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളി ശ്രമിച്ചു. ഇതിനായി ടിആര്‍എസ് നേതാക്കളുമായി തുഷാര്‍ സംസാരിച്ചുവെന്നും ചന്ദ്രശേഖര്‍ റാവു ആരോപിച്ചു. ടിആര്‍എസ് എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ഒളിക്യാമറ ദൃശ്യങ്ങളും ചന്ദ്രശേഖര്‍ റാവു പുറത്തുവിട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേരിട്ടുള്ള നോമിനിയാണ് തുഷാര്‍ വെള്ളാപ്പള്ളി. ഏജന്റുമാര്‍ തുഷാറിനെയാണ് ബന്ധപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു.
തെലങ്കാന രാഷ്ട്ര സമിതിയിലെ (ടിആര്‍എസ്) നാലു എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിച്ച മൂന്നുപേരെ കോടിക്കണക്കിനു രൂപയുമായി പൊലീസ് പിടികൂടിയ സംഭവത്തെ പരാമര്‍ശിച്ച കെസിആര്‍, നാല് എംഎല്‍എമാരെ നൂറു കോടി രൂപ നല്കി ബിജെപി പാളയത്തിലെത്തിക്കാനായിരുന്നു ശ്രമമെന്ന് പറഞ്ഞു. തെലങ്കാനയ്ക്കു പുറമെ, ആന്ധ്രപ്രദേശ്, ഡല്‍ഹി, രാജസ്ഥാന് സര്‍ക്കാരുകളെയും അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച കെസിആര്‍, എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടു.
'ബിജെപിയുടെ വൃത്തികെട്ട രാഷ്ട്രീയം രാജ്യത്തെ തകര്‍ക്കുകയാണ്. ജനാധിപത്യത്തെ അവരാണ് കൊലചെയ്യുന്നത്. ഇവിടെ ഏക്നാഥ് ഷിന്ഡെമാരെ ഉണ്ടാക്കുന്നത് ആ പാര്‍ട്ടിയാണ്. 'നിങ്ങളുടെ എംഎല്‍എമാര്‍ എന്നെ വിളിക്കുന്നുണ്ട്' എന്ന് ഏതെങ്കിലും പ്രധാനമന്ത്രി മുമ്പ് പറഞ്ഞിട്ടുണ്ടോ ഇതാണ് 'അദ്ദേഹം' ബംഗാളില്‍ മമതയോട് പറഞ്ഞത്. എന്തിനാണ് നമ്മളിതൊക്കെ സഹിക്കുന്നത്. കോടതികള്‍ ഇക്കാര്യത്തില്‍ ഇടപെട്ട് രാജ്യത്തെ രക്ഷിക്കണം. ബിജെപി ടി.ആര്.എസ് എംഎല്‍എമാരെ ചാക്കിടാന്‍ നടത്തിയതിന്റെ തെളിവ് കോടതിക്ക് കൈമാറും. ഏജന്‍സികള്‍ക്കും മാധ്യമങ്ങള്‍ക്കും നല്‍കും. രാമചന്ദ്ര ഭാരതി എന്നയാള്‍ എംഎല്‍എ രോഹിത് റെഡ്ഡിയോട് പറഞ്ഞത് തങ്ങള്‍ ഇതിനകം രാജ്യത്തെ എട്ടു സര്‍ക്കാറുകളെ താഴെയിറക്കിയെന്നാണ്. ഇനി തെലങ്കാനയിലും ആന്ധ്രയിലും രാജസ്ഥാനിലും ഡല്‍ഹിയിലും അത് ആവര്‍ത്തിക്കുമെന്നും പറഞ്ഞു. പക്ഷേ, ഞങ്ങളിത് കൈയോടെ പിടികൂടി. ഇത് സംഘടിത കുറ്റകൃത്യമാണ്. പിടിയിലായ ഓരോരുത്തര്‍ക്കും മൂന്ന് ആധാര്‍ കാര്‍ഡുവരെയുണ്ട്. വാര്‍ത്തസമ്മേളനത്തില്‍ അട്ടിമറിനീക്കത്തിന്റെ തെളിവായി കെ.സി.ആര് രഹസ്യമായി ചിത്രീകരിച്ച വിഡിയോയും ഹാജരാക്കി.
ടിആര്‍എസ് എംഎല്‍എ രോഹിത് റെഡ്ഡിയെ വലവീശിപ്പിടിക്കാന്‍ ബിജെപി ശ്രമം നടത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. നൂറ് കോടി രൂപ ബിജെപിയുടെ ബ്രോക്കര്‍മാര്‍ വാഗ്ദാനം ചെയ്തു എന്നായിരുന്നു ആരോപണം. ഇതിന്റെ അടിസ്ഥാനത്തില്‍ തെലങ്കാന പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. ഇതിനിടെയാണ് തെലങ്കാന മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം വിളിച്ച് തുഷാറിനെതിരെ ?ഗുരുതര ആരോപണം ഉന്നയിച്ചത്.