പാറശ്ശാല ഷാരോണ്‍ കൊലക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഷാരോണിനെ കൊലപ്പെടുത്താനായിരുന്നു ജ്യൂസ് ചലഞ്ച് ആസൂത്രണം ചെയ്തതെന്ന് കേസിലെ മുഖ്യപ്രതി ഗ്രീഷ്മ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. പലവതണ ജ്യൂസില്‍ വിഷം കലക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചതായും ഗ്രീഷ്മ മൊഴിനല്‍കി. ചോദ്യം ചെയ്യലിനിടെ ഗ്രീഷ്മ ഇക്കാര്യം സമ്മതിക്കുകയായിരുന്നു.
ഷാരോണിനെ ഒഴിവാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നതായും ഗ്രീഷ്മ ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. പൊലീസ് കസ്റ്റഡിയില്‍ ലഭിച്ച ഗ്രീഷ്മയുമായി അന്വേഷണസംഘം ഇന്ന് തെളിവെടുപ്പ് നടത്തും. ഗ്രീഷ്മയുടെ വീട്ടിലാണ് ആദ്യം തെളിവെടുപ്പ് നടത്തുക.
അതേസമയം ഗ്രീഷ്മയുടെ വീട്ടില്‍ പൊലീസ് സീല്‍ ചെയ്ത വാതില്‍ തകര്‍ത്ത് അജ്ഞാതന്‍ അകത്ത് കയറിയ സംഭവം കൂടുതല്‍ ദുരൂഹത വര്‍ധിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ തമിഴ്നാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഗ്രീഷ്മയെയും അമ്മയെയും അമ്മാവനെയും നേരിട്ട് എത്തിച്ച് തെളിവെടുക്കാനിരിക്കെയാണ് വീടിന്റെ പൂട്ട് തകര്‍ത്ത് ആരോ അകത്ത് കയറിയത്.
കേസ് അന്വേഷണം നടത്തുന്ന ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. ഷാരോണിനെ കൊന്നത് താനാണ് എന്ന് ഗ്രീഷ്മ സമ്മതിച്ച ദിവസം രാത്രി വീട്ടിന് നേരെ കല്ലേറുണ്ടായിരുന്നു. അന്നത്തെ കല്ലേറില്‍ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നിരുന്നു. ഷാരോണ്‍ കേസില്‍ കേസന്വേഷേണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്കുന്ന കാര്യത്തില്‍ ഡിജിപി അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിട്ടുണ്ട്.