മുടികൊഴിച്ചിലില്‍ മാറാത്തതിന്റെ മനോവിഷമത്തില്‍ ചികിത്സിച്ച ഡോക്ടര്‍ക്കെതിരെ കുറിപ്പ് എഴുതിവെച്ച് യുവാവ് ജീവനൊടുക്കി. കോഴിക്കോട് നോര്‍ത്ത് കന്നൂര് സ്വദേശി പ്രശാന്ത്(29) ആണ് ജീവനൊടുക്കിയത്. കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനാണ് യുവാവ് ജീവനൊടുക്കിയത്. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം പരാതിപ്പെട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഡോ. റഫീക്കിനെതിരെയാണ് പരാതി.
മുടികൊഴിച്ചില്‍ മാറാന്‍ എട്ട് വര്‍ഷമായി മരുന്ന് കഴിക്കുന്നതായി കത്തില്‍ പറയുന്നു. മരുന്ന് നല്കിയപ്പോള് ആദ്യം കുറച്ച് മുടി കൊഴിയുമെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞിരുന്നത്. എന്നാല്‍ മൂക്കിലെ രോമങ്ങള്‍ മുതല്‍ താടിരോമങ്ങളും പുരികവും കൊഴിഞ്ഞ് തുടങ്ങിയതോടെ ഏറെനാളായി മാനസികവിഷമത്തിലായിരുന്നു യുവാവ്.
മുടികൊഴിച്ചില്‍ കാരണം യുവാവിന്റെ വിവാഹ ആലോചനകള്‍ മുടങ്ങിയിരുന്നു. മെക്കാനിക്കായി ജോലി നോക്കിയിരുന്നുവെങ്കിലും അപകര്‍ഷതബോധം കാരണം ആളുകള്‍ കൂടുന്നയിടത്തേക്ക് പോകാറില്ലായിരുന്നുവെന്ന് യുവാവിന്റെ മാതാപിതാക്കള്‍ വ്യക്തമാക്കി. യുവാവിന്റെ മരണത്തില്‍ ഡോക്ടര്‍ക്കെതിരെ പരാതി നല്‍കിയിട്ടും ഇതുവരെ നടപടി ഒന്നും ഉണ്ടായിട്ടില്ലെന്ന് കുടുംബം ആരോപിച്ചു.
ആദ്യം അത്തോളി പോലീസിലാണ് പരാതി നല്‍കിയത്. നടപടിയൊന്നും ഉണ്ടാവാതിരുന്നതിനെ തുടര്‍ന്ന് എസ്പിക്ക് പരാതി നല്‍കിയതായും കുടുംബം പറയുന്നു. എന്നാല്‍ ഒറ്റനോട്ടത്തില്‍ ഡോക്ടര്‍ കുറ്റക്കാരനാണ് എന്ന് തെളിയിക്കുന്ന തെളിവ് ഒന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു. എന്നാലും വിശദമായി അന്വേഷണം നടത്തിവരുന്നതായും പോലീസ് പറയുന്നു.