നവമാധ്യമങ്ങളില്‍ നിരവധി ആരാധകരെ സൃഷ്ടിച്ച പ്രമുഖ യൂട്യൂബര്‍ വിക്കി തഗ് എന്ന ആലപ്പുഴ ചുനക്കര ദേശം മംഗലത്ത് വിഘ്നേഷ് വേണു(25), സുഹൃത്ത് കായംകുളം ഓച്ചിറ കൃഷ്ണപുരം കൊച്ചുമുറി എസ്. വിനീത്(28) എന്നിവര്‍ മെത്താഫിറ്റമിനും തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി അറസ്റ്റില്‍. സുഹൃത്തിനൊപ്പം ബെംഗലൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ എക്സൈസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പാഞ്ഞ വാഹനം ഉദ്യോഗസ്ഥര്‍ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. 40 ഗ്രാം മെത്താഫിറ്റമിന്‍, തോക്ക്, വെട്ട് കത്തി എന്നിവ കാറില്‍ നിന്ന് കണ്ടെടുത്തു. തോക്കിനു ലൈസന്‍സുണ്ടായിരുന്നില്ല..
വാളയാര്‍ ടോള്‍ പ്ലാസയിലെ ഡിവൈഡര്‍ ഇടിച്ചു തകര്‍ത്താണ് കാര്‍ കടന്നുപോയത്. കാറില്‍നിന്ന് ഇറങ്ങി ഓടിയ ഇരുവരെയും എക്സൈസ് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. ഇരുവരും വലിയ അളവില്‍ ലഹരി ഉപയോഗിച്ചിരുന്നതിനാല്‍ ചോദ്യം ചെയ്യലിനോടു സഹകരിച്ചില്ലെന്ന് അധികൃതര്‍ പറഞ്ഞു. 'വിക്കി തഗ്' എന്ന യൂട്യൂബ് ചാനലിലൂടെ വിഘ്നേഷ് ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതായും എക്സൈസ് സംഘത്തിനു വിവരം ലഭിച്ചു. ഇതും പരിശോധിക്കുന്നുണ്ട്.
മുമ്പും മയക്കു മരുന്ന് വിവാദത്തില്‍ വിഘ്നേഷ് വേണു കുടുങ്ങിയിട്ടുണ്ട്. ലോ അക്കാഡമിയില്‍ കഞ്ചാവ് വിറ്റതായിരുന്നു ഇത്. ബംഗളൂരുവില്‍നിന്ന് കൊണ്ടുവന്ന മെത്താഫിറ്റമിന്‍ സ്വന്തം ആവശ്യത്തിനാണെന്നാണ് ഇവര്‍ എക്സൈസിനോട് പറഞ്ഞത്. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് പിടിയിലായത്. പാലക്കാട് റേഞ്ച് ഇന്‍സ്പെക്ടര്‍ കെ നിഷാന്ത്, ഇന്റലിജന്റ്സ് ബ്യൂറോ ഇന്‍സ്പെക്ടര്‍ എന്‍ നൗഫല്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ആര് എസ് സുരേഷ്, വി ആര് സുനില്‍കുമാര്‍, വിശ്വകുമാര്‍, രജീഷ്കുമാര്, പി കെ ഷിബു, വി ദേവകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ രമേഷ്, രാജീവ്, ആര് രാജേഷ്, രേണുകാദേവി, സ്മിത എന്നിവരാണ് പരിശോധന നടത്തിയത്.
ബിഗ് ബോസ് സീസണ് മൂന്നില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉയര്‍ത്തിയ ഒരു പേരാണ് വ്ളോഗര്‍ വിക്കി തഗ്ഗിന്റേത്. എയര്‍പോര്‍ട്ടില്‍ നിന്നുള്ള ഒരു വീഡിയോ കൂടി വിക്കി പങ്ക് വച്ചതോടെ, തീര്‍ച്ചയായും അദ്ദേഹം കഴിഞ്ഞ സീസണില്‍ ഉണ്ടാകും എന്നായിരുന്നു പ്രേക്ഷകരുടെ നിഗമനവും. എന്നാല്‍ ബിഗ് ബോസ് സീസണിലേക്ക് ഇയാളെ വിളിച്ചിരുന്നില്ല. ഇത്തരത്തില്‍ ശ്രദ്ധേയനായ വ്യക്തിയാണ് തോക്കും മയക്കുമരുന്നുമായി കുടുങ്ങുന്നത്. വെട്ടുകത്തി എന്തിനാണെന്നതും ആര്‍ക്കും അറിയില്ല. അതുകൊണ്ടു തന്നെ എക്സൈസ് കേസ് പൊലീസ് അന്വേഷണത്തിന് വഴിമാറും.
വ്യത്യസ്ത പ്രകടനങ്ങളുമായി വീഡിയോ ചെയ്യുന്ന വിക്കിക്ക് യൂട്യൂബില്‍ ഏറെ ആരാധകരുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ എട്ട് ലക്ഷത്തിലധികം ആളുകളാണ് ഇയാളെ പിന്തുടരുന്നത്. ലഹരിയില്ലാതെ ഒരു ദിവസം പോലും ജീവിക്കാന്‍ കഴിയില്ലെന്ന് വിഘ്നേഷ് പല വേദികളില്‍ പറഞ്ഞിട്ടുണ്ട്. നിരവധി സ്ഥാപനങ്ങളുടെ മോഡലായും പ്രവര്‍ത്തിച്ചിരുന്നു. അരലക്ഷത്തിലധികം രൂപയാണ് സ്ഥാപനങ്ങളുടെ ഉദ്ഘാടനത്തിന് മാത്രം വിഘ്നേഷ് ഈടാക്കിയിരുന്നത്. ഇയാള്‍ നേരത്തെ നിരവധി കേസുകളില്‍ ഉള്‍പെട്ടിട്ടുണ്ടെന്നാണ് സൂചന.