പിണറായി വിജയന് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം ഇതുവരെ നടത്തിയത് 19 വിദേശ യാത്രകള്‍. ഒരു സ്വകാര്യ യാത്രയും ചികിത്സാ ആവശ്യത്തിനായുള്ള മൂന്ന് യാത്രകളും ഉള്‍പ്പെടെയാണിത്. എന്നാല്‍, മുഖ്യമന്ത്രിയുടെ വിദേശ യാത്രകളുടെ കണക്കുകള്‍ പൂര്‍ണമായി നല്കാന് സര്‍ക്കാര്‍ ഇനിയും തയ്യാറാകുന്നില്ല. കഴിഞ്ഞ ദിവസം നിയമസഭയില്‍ സജീവ് ജോസഫിന്റെ ചോദ്യത്തിന് മറുപടിയായാണ് സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ വിദേശ യാത്രാ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തവിട്ടത്.
രണ്ടു ചികിത്സാ യാത്രയ്ക്കും മൂന്ന് ഔദ്യോഗിക യാത്രയ്ക്കുമായി 32,58,185 രൂപ ചെലവിട്ടതായി നിയമസഭയില്‍ സജീവ് ജോസഫിന്റെ ചോദ്യത്തിനു മറുപടി നല്കി. എന്നാല്‍ ബാക്കി 14 യാത്രകളുടെ ചെലവ് വെളിപ്പെടുത്തിയിട്ടില്ല. 2018 ജൂലൈ 9 മുതല്‍ 17 വരെ അമേരിക്കയിലായിരുന്നു സ്വകാര്യ സന്ദര്‍ശനം. ജൂലൈ 4 മുതല്‍ 8 വരെ ഫൊക്കാന സമ്മേളനത്തിനു പോയ മുഖ്യമന്ത്രി ഒരാഴ്ച കൂടി സ്വകാര്യ ആവശ്യത്തിന് അവിടെ ചെലവിട്ടു. ഈ കാലയളവാണു സ്വകാര്യ യാത്രയായി കണക്കാക്കിയത്.
പിണറായി സര്‍ക്കാര്‍ വന്ന ശേഷം രാജ്ഭവനില്‍ 14 തസ്തികകളിലേക്കു വിവിധ ഘട്ടങ്ങളിലായി 77 ഡപ്യൂട്ടേഷന് നിയമനം നടത്തിയെന്നു മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു. കരാറില്‍ നിയമിച്ച 4 പേര്‍ക്കു സ്ഥിരനിയമനവും നല്കി. 2018 മാര്‍ച്ചില്‍ കുക്ക്, വെയിറ്റര്‍ എന്നിവര്‍ക്കും 2019 ഓഗസ്റ്റില്‍ സ്വീപ്പര്‍ കം സാനിറ്ററി വര്‍ക്കര്‍, 2022 ഫെബ്രുവരിയില്‍ ഫൊട്ടോഗ്രഫര്‍ എന്നിവര്‍ക്കുമാണു സ്ഥിരനിയമനം നല്‍കിയത്. താല്‍ക്കാലിക, കരാര്‍ നിയമനങ്ങള്‍ നടത്തിയതു കുടുംബശ്രീ വഴിയാണെന്നും അറിയിച്ചു.