പ്രണയ ബന്ധത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ ജ്യോതിഷിയെ അറസ്റ്റ് ചെയ്തു. 47 ലക്ഷം രൂപയാണ് ഹൈദരാബാദ് സ്വദേശിയില്‍ നിന്ന് ഇയാള്‍ തട്ടിയെടുത്തത്. പഞ്ചാബ് സ്വദേശിയായ ലളിത് എന്ന വ്യാജ ജ്യോതിഷിയെയാണ് ഹൈദരാബാദ് സൈബര്‍ ക്രൈം വിഭാഗം പിടികൂടിയത്. നവംബര്‍ 19 നാണ് ഇന്‍സ്റ്റാഗ്രാം വഴി യുവതിയെ ഇയാള്‍ ബന്ധപ്പെടുന്നത്. ഇന്‍സ്റ്റഗ്രാമില്‍ 'ആസ്ട്രോ ഗോപാല്‍' എന്ന പേരിലായിരുന്നു ഇയാളുടെ അക്കൗണ്ട്. ഫോണ്‍ നമ്പറും നല്‍കിയിരുന്നു. പ്രണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിച്ചു നല്‍കുമെന്നായിരുന്നു ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലില്‍ എഴുതിയത്. തുടര്‍ന്നാണ് യുവതി ഇയാളെ ഫോണില്‍ ബന്ധപ്പെട്ടത്.
തന്റെ പ്രണയബന്ധത്തില്‍ പ്രശ്നമുണ്ടെന്നും പരിഹരിക്കണമെന്നും യുവതി ഇയാളോട് ആവശ്യപ്പെട്ടു. ജ്യോതിഷത്തിലൂടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാമെന്ന് ഇയാള്‍ ഉറപ്പ് നല്കി. ഇതിനായി ഇയാള്‍ പെണ്‍കുട്ടിയില്‍ നിന്ന് ആദ്യം 32,000 രൂപ ഈടാക്കി. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക പ്രാര്‍ത്ഥന നടത്താനെന്ന് പറഞ്ഞ് 47.11 ലക്ഷം രൂപയും വാങ്ങി. എന്നാല്‍ ഇയാള്‍ കബളിപ്പിക്കുകയായിരുന്നുവെന്ന് യുവതിക്ക് ബോധ്യമായി. തുടര്‍ന്ന് പൊലീസിനെ സമീപിച്ചു. കേസെടുത്ത പൊലീസ് അന്വേഷണത്തിലൂടെ പ്രതിയെ കണ്ടെത്തുകയായിരുന്നു.
ഐടി ആക്ടിലെ സെക്ഷന്‍ 66 സി, ഡി, ഇന്ത്യന്‍ പീനല്‍ കോഡിന്റെ 419, 420 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. രണ്ട് വിലകൂടിയ മൊബൈല്‍ ഫോണുകള്‍, ഡെബിറ്റ് കാര്‍ഡുകള്‍, ചെക്ക്ബുക്ക് എന്നിവയും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. പ്രണയ ജോത്സ്യനാണെന്ന് അവകാശപ്പെട്ട് വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഇയാള്‍ പരസ്യം നല്‍കിയുരുന്നു. മുമ്പും ഇയാള്‍ നിരവധിയാളുകളെ കബളിപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ ആദ്യമായാണ് പരാതി ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.