12 കോടി രൂപയുടെ സ്വത്തു തര്‍ക്കത്തിന്റെ പേരില്‍ പ്രമുഖ ടെലിവിഷന്‍ താരം വീണാ കപൂറിനെ മകന് തലയ്ക്കടിച്ചുകൊന്നു. സംഭവവുമായി ബന്ധപ്പെട്ട് മകന് സച്ചിന് കപൂറിനെയും (43) വീട്ടുജോലിക്കാരന് ലാലു കുമാര്‍ മണ്ഡലിനെയും(25) പൊലീസ് അറസ്റ്റു ചെയ്തു. 74കാരിയായ വീണയെ മകന് സച്ചിന് ബേസ്ബോള്‍ ബാറ്റുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം നദിയില്‍ വലിച്ചെറിയുകയുമായിരുന്നുവെന്ന് പൊലീസിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
മുംബൈയിലെ ജുഹുവിലാണ് സംഭവം. കൊലപാതകത്തിനു ശേഷം വീട്ടുജോലിക്കാരന്റെ സഹായത്തോടെ മൃതദേഹം നദിയില്‍ വലിച്ചെറിഞ്ഞെന്ന് പൊലീസ് അറിയിച്ചു. 90 കിലോമീറ്റര്‍ അകലെയുള്ള കാട്ടിലെ നദിയിലാണ് മൃതദേഹം ഒഴുക്കിയത്. വീണയും സച്ചിനും തമ്മില്‍ ഏറെക്കാലമായി സ്വത്തുതര്‍ക്കമുണ്ട്. ഡിസംബര്‍ ആറിന് വീണ താമസിച്ചിരുന്ന കല്‍പടരു സെസൈറ്റിയിലെ സുരക്ഷ ജീവനക്കാരാണ് ഇവരെ കാണാനില്ലെന്ന വിവരം പൊലീസിനെ അറിയിച്ചത്. മകനെ ചോദ്യം ചെയ്തതിലൂടെ ഇയാള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.
12 കോടിയുടെ വസ്തുവകകളുമായി ബന്ധപ്പെട്ട് അമ്മയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടെന്നും ഇതിന്റെ ദേഷ്യത്തില്‍ അമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി മൃതദേഹം പുഴയിലെറിഞ്ഞെന്നുമാണ് സച്ചിന് പൊലീസിനോടു പറഞ്ഞത്.