ചന്ദ്രനിലേക്കുള്ള ആദ്യ വാണിജ്യ ബഹിരാകാശ പേടകമായ ജപ്പാന്റെ 'ഹകുട്ടോ-ആര്' വിക്ഷേപിച്ചു. ജപ്പാന്റെ സ്പേസ് സ്റ്റാര്‍ട്ട് അപ്പ് ഐ സ്പേസ് വികസിപ്പിച്ചെടുത്ത ചാന്ദ്രദൗത്യ പേടകമാണ് വിജയകരമായി വിക്ഷേപിച്ചത്.
അമേരിക്കന്‍ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റ് ഉപയോഗിച്ച് ഫ്ലോറിഡയിലെ കേപ് കനാവറല്‍ സ്പേസ് സെന്ററില്‍ നിന്നാണ് 'ഹകുട്ടോ-ആര്' എന്ന് പേരിട്ടിരിക്കുന്ന ലാന്‍ഡര്‍ വിക്ഷേപിച്ചത്. ചന്ദ്രനിലേക്ക് കുതിക്കുന്ന ലോകത്തിലെ ആദ്യത്തെ വാണിജ്യ ബഹിരാകാശ പേടകമാണ് ഹകുട്ടോ.
പേടകത്തിലെ നാസയുടെ ചെറിയ ഉപഗ്രഹം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ച് ചന്ദ്രനില്‍ ജലത്തിന്റെ സാന്നിദ്ധ്യം പരിശോധിക്കും. കൂടാതെ, ജപ്പാന്റെ ജാക്സ സ്പേസ് ഏജന്‍സിയുടെ റോബോട്ടിക് റോവറും യു.എ.ഇയുടെ റാഷിദ് റോവറും ലാന്‍ഡറിലുണ്ട്.
കുറഞ്ഞ ചെലവില്‍ കൂടുതല്‍ ചരക്കുകള്‍ വഹിച്ചുകൊണ്ടുള്ള ബഹിരാകാശ യാത്രയ്ക്കാണ് ഐ സ്പേസ് ലാന്‍ഡര്‍ വികസിപ്പിച്ചെടുത്തത്. അതിനാല്‍, നേരിട്ട് ചന്ദ്രനിലേക്ക് പോകുന്നതിനുപകരം, കുറഞ്ഞ ഊര്‍ജ്ജം ആവശ്യമുള്ള വേഗംകുറഞ്ഞ പാതയാണ് യാത്രയ്ക്കായി തിരഞ്ഞെടുക്കുക. ഭൂമിയില്‍ നിന്ന് 1.6 ദശലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച് ഏപ്രില്‍ അവസാനത്തോടെ ചാന്ദ്ര പാതയില്‍ പ്രവേശിക്കും.