തിരുവനന്തപുരത്ത് നടുറോഡില്‍ സ്ത്രീയെ വെട്ടിക്കൊന്നു. തിരുവനന്തപുരം പേരൂര്‍ക്കടയ്ക്ക് സമീപം വഴയിലയില്‍ ഇന്ന് രാവിലെയാണ് സംഭവം. വഴയിലെ സ്വദേശി സിന്ധുവാണ്(50) മരിച്ചത്. സംഭവത്തില്‍ സിന്ധുവിന്റെ പങ്കാളി രാകേഷ്(46) പൊലീസ് കസ്റ്റഡിയിലാണ്. വ്യാഴാഴ്ച രാവിലെയായിരുന്നു നഗരത്തെ നടുക്കിയ സംഭവം. റോഡില്‍ വെട്ടേറ്റുവീണ സ്ത്രീയെ നാട്ടുകാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
രാജേഷും സിന്ധുവും തമ്മില്‍ കഴിഞ്ഞ 12 വര്‍ഷമായി ഒന്നിച്ച് താമസിച്ചുവരികയാണ്. ഇടയ്ക്കിടെ ഇവര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമായിരുന്നു. രാജേഷ് കിളിമാനൂര്‍ ജംഗ്ഷന് സമീപം ഒരു സര്‍ബത്ത് കട നടത്തിവരികയായിരുന്നു. സിന്ധുവിന് ദിവസ വേതനാടിസ്ഥാനത്തിലുള്ള ജോലിയാണ്. കഴിഞ്ഞ ഒരുമാസമായി സിന്ധുവിനോടു പിണങ്ങി രാജേഷ് പത്തനാപുരത്തുത്തുള്ള സഹോദരിയുടെ വീട്ടിലായിരുന്നു താമസം.
ഇന്നു രാവിലെ നെടുമങ്ങാടുനിന്ന് തിരുവനന്തപുരത്തേക്കുള്ള ബസില്‍ സിന്ധു വരുന്നതായി രാജേഷ് മനസിലാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാള്‍ മറ്റൊരു ബസില്‍ കയറുകയും വഴയില പെട്രോള്‍ പമ്പിന് സമീപത്ത് വച്ച് സിന്ധു ബസിറങ്ങുന്നത് ശ്രദ്ധിക്കുകയും ചെയ്തു. പെട്രോള്‍ പമ്പിന് സമീപത്ത് വച്ച് ഇവര്‍ തമ്മില്‍ സംസാരിക്കുകയുണ്ടായി. പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കുന്നതിന് വേണ്ടി രാജേഷ് സിന്ധുവിനോട് സംസാരിക്കുന്നതിനിടെ വാക്കു തര്‍ക്കം ഉണ്ടാകുകയും അത് പ്രകോപനമാകുകയും ചെയ്തു.
അടുത്ത നിമിഷം രാജേഷ് കൈയില്‍ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് സിന്ധുവിനെ വെട്ടുകയായിരുന്നു. സിന്ധുവിന് കഴുത്തിനാണ് വെട്ടേറ്റത്. മാരകമായി മുറിവേറ്റ സിന്ധുവിനെ ഉടന്‍തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണമടയുകയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. സംഭവത്തിനുശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച രാജേഷിനെ പേരൂര്‍ക്കട പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു. സിന്ധുവുമായി കലഹം നിലനില്‍ക്കുന്നതിനാല്‍ രാജേഷ് എപ്പോഴും കൈയില്‍ വെട്ടുകത്തി കരുതാറുണ്ട് എന്നാണ് പോലീസ് പറയുന്നത്. ഇയാളെ പേരൂര്‍ക്കട പോലീസ് കൂടുതല്‍ ചോദ്യം ചെയ്തു വരുന്നു.