മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കേരളത്തില്‍ ഒരു കിലോമീറ്റര്‍ ദേശീയ പാത പണിയാന്‍ നൂറ് കോടി രൂപയാണ് ചെലവ്. ഭുമിയുടെ 25ശതമാനം പണം നല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെങ്കിലും പിന്നീട് അതില്‍ നിന്ന് പിന്മാറിയെന്നും ഗഡ്കരി ലോക്സഭയില്‍ പറഞ്ഞു
പാര്‍ലമെന്റില്‍ രാജ്യത്തെ റോഡ് നിര്‍മാണത്തെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമര്‍ശം.ഹൈവേ നിര്‍മാണവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കലിന് ചെലവാകുന്ന തുകയുടെ 25 ശതമാനം വഹിക്കാമെന്ന് കേരളത്തിലെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം അതില്‍ നിന്ന് പിന്മാറി. നിര്‍മാണ സാമഗ്രികളുടെ റോയല്‍റ്റി ഒഴിവാക്കിയും സര്‍ക്കാരിന്റെ ഭൂമി സൗജന്യമായി തന്നും റോഡ് നിര്‍മാണത്തില്‍ സഹകരിക്കാന്‍ സംസ്ഥാനത്തോട് കേന്ദ്രം ആവശ്യപ്പെട്ടെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.
അതേസമയം, കേരളത്തില്‍ 40,453 കോടി രൂപയുടെ 12 ദേശീയ പാത വികസനപദ്ധതികള്‍ക്ക് ഇന്നു തുടക്കമാകും. കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പദ്ധതി ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്ത് 403 കിലോമീറ്റര്‍ പുതിയ ദേശീയ പാതയാണ് നിര്‍മ്മിക്കുക. കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബിലെ ട്രാവന്‍കൂര്‍ അന്താരാഷ്ട്ര കണ്വെന്ഷന് സെന്ററില്‍ വച്ചാണ് ഉദ്ഘാടന പരിപാടികള്‍ സംഘടിപ്പിക്കും.
മുഖ്യമന്ത്രി പിണറായി വിജയന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര റോഡ് ഗതാഗത ദേശീയപാത സഹമന്ത്രി ജനറല്‍ വി. കെ. സിംഗ് (റിട്ട), വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്, സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും. 403 കിലോമീറ്ററിലെ വികസന പദ്ധതികള്‍ ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ (എന്‍.എച്ച്.എ.ഐ) ആണ് നടപ്പാക്കുന്നത്.