കേരളത്തിലെ ആദ്യ 5 ജി മൊബൈല്‍ സര്‍വീസിന് ഇന്ന് കൊച്ചി നഗരത്തില്‍ തുടക്കമാകും. റിലയന്‍സ് ജിയോ സര്‍വീസ് ഇന്ന് വൈകിട്ട് 5.30ന് പനമ്പിള്ളി നഗര്‍ അവന്യൂ സെന്ററിലാണ് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുക. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത മേഖലകളിലാണ് 5ജി ലഭ്യമാക്കുന്നത്.
കൊച്ചിയില്‍ 130ലേറെ ടവറുകള്‍ ജിയോ നവീകരിച്ചുകഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. 5ജി സേവനം ലഭ്യമാകുന്ന രാജ്യത്തെ 50 നഗരങ്ങളുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കേരളത്തില്‍ കൊച്ചിയാണ് പട്ടികയിലുണ്ടായിരുന്നത്. താമസിയാതെ കേരളമെമ്പാടും 5ജി ലഭ്യമാവും.ഈ മാസം അവസാനത്തോടെ രാജ്യമെമ്പാടും 5ജി സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് റിലയന്‍സ് പ്രഖ്യാപിച്ചിരുന്നു.
ഒക്ടോബര്‍ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു രാജ്യത്ത് 5ജി സേവനം അവതരിപ്പിച്ചത്. ആദ്യഘട്ടത്തില്‍ എട്ട് പ്രധാന നഗരങ്ങളില്‍ മാത്രമാണ് സേവനം ലഭ്യമായിരുന്നതെങ്കില്‍ നവംബര്‍ അവസാനത്തോടെ കൂടുതല്‍ നഗരങ്ങളിലേക്ക് മൊബൈല്‍ സേവന ദാതാക്കള്‍ 5ജി സേവനം വ്യാപിപ്പിച്ചു.