തിരുവല്ല കുറ്റപ്പുഴയില്‍ നരബലി ശ്രമത്തില്‍ നിന്ന് യുവതി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കൊച്ചിയില്‍ താമസിക്കുന്ന കുടക് സ്വദേശിനിയാണ് നരബലിയില്‍ നിന്ന് രക്ഷപ്പെട്ടത്. ഒരു സ്വകാര്യ ചാനലാണ് വിവരം പുറത്തുവിട്ടത്. രണ്ടാഴ്ച മുമ്പായിരുന്നു സംഭവം.
ഭര്‍ത്താവുമായുള്ള പ്രശ്നത്തിന് പരിഹാരം കാണാം എന്ന് പറഞ്ഞാണ് യുവതിയെ ഇടനിലക്കാരിയായ അമ്പിളിയെന്ന സ്ത്രീ തിരുവല്ലയിലെ വീട്ടിലെത്തിച്ചത്. തുടര്‍ന്ന് പൂജാ കര്‍മ്മങ്ങള്‍ അരങ്ങേറി. കളം വരച്ച് ശരീരത്തില്‍ പൂമാലകള്‍ ചാര്‍ത്തി. മന്ത്രവാദി വലിയ വാളെടുത്ത ശേഷം യുവതിയെ ബലി നല്കാന് പോകുന്നു എന്ന് പറഞ്ഞു. ഇതെസമയം ഇടനിലക്കാരി അമ്പിളിയുടെ പരിചയക്കാരന് വീട്ടിലെത്തി ബെല്ലടിച്ചു. ഇതോടെ പദ്ധതി പാളി. ഉടന്‍ യുവതി മുറിയില്‍ നിന്നോടി പുറത്ത് വന്നയാളോട് രക്ഷപെടുത്താന്‍ അഭ്യര്‍ത്ഥിച്ചു. പുറത്ത് നിന്ന് വന്നയാള്‍ നേരം പുലരും വരെ തന്റെ ഒപ്പം ഇരുന്നുവെന്നും യുവതി മൊഴി നല്കി. കുടര്‍ന്ന് രാവിലെ തന്നെ യുവതി കൊച്ചിക്ക് തിരിച്ചു പോവുകയായിരുന്നു.
ഭയം കാരണം ആദ്യം യുവതി ഇക്കാര്യം പുറത്തുപറഞ്ഞിരുന്നില്ല. എന്നാല്‍ പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെ പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവം സ്ഥിരീകരിച്ച് പൊലീസ് സ്പെഷ്യല്‍ ബ്രാഞ്ച് എഡിജിപിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.