ഇ പി ജയരാജനെതിരായ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് പരസ്പര ബന്ധമില്ലാത്ത മറുപടി നല്കി തടിയൂരി മുഖ്യമന്ത്രി പിണറായി വിജയന്. വിഷയം പിബിയില്‍ ചര്‍ച്ച ചെയ്യുമോ എന്ന ചോദ്യത്തോട് തണുപ്പ് എങ്ങനെയുണ്ടെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രിയുടെ മറുപടി. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചില്ല. നിങ്ങളോടെന്തെങ്കിലും പറയാനുണ്ടെങ്കില്‍ അടുത്തേക്ക് വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ മുഖ്യമന്ത്രി, ബുധനാഴ്ച വരെ ഡല്‍ഹിയിലുണ്ട്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. രാവിലെ 10.30ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കാണാനും മുഖ്യമന്ത്രി സമയം തേടിയിട്ടുണ്ട്. ദ്രൗപദി മുര്‍മു രാഷ്ട്രപതിയായി ചുമതലയേറ്റശേഷമുള്ള ആദ്യ കൂടിക്കാഴ്ചയ്ക്കാണ് മുഖ്യമന്ത്രി സമയം തേടിയത്.