ശത്രുക്കളുടെ തലയരിയാന്‍ ഹിന്ദുക്കള്‍ വീട്ടില്‍ ആയുധങ്ങള്‍ മൂര്‍ച്ച കൂട്ടി വെയ്ക്കണമെന്ന ബിജെപി എംപി പ്രഗ്യാസിംഗ് താക്കൂറിന്റെ ആഹ്വാനത്തിനെതിരെ പരാതി. രാഷ്ട്രീയ നിരീക്ഷകനായ തെഹ്സീന്‍ പൂനവല്ല ആണ് ശിവമോഗ പൊലീസില്‍ പരാതി നല്‍കിയത്.
പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തി വര്‍ഗീയ കലാപത്തിന് പ്രേരിപ്പിക്കുകയാണ് ഠാക്കൂര്‍ ചെയ്തതെന്ന് കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ അജയ് സിംഗ് ആരോപിച്ചു. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയാണ് ഠാക്കൂര്‍, അതിനാല്‍ ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഠാക്കൂറിനെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും ട്വീറ്റ് ചെയ്തു.
എല്ലാവര്ക്കും സ്വയം സംരക്ഷിക്കാന്‍ അവകാശമുള്ളതിനാല്‍ കുറഞ്ഞത് അവരുടെ വീടുകളിലെ കത്തികള്‍ മൂര്‍ച്ചയുള്ളതായി സൂക്ഷിക്കാനായിരുന്നു ഹിന്ദുക്കളോട് പ്രഗ്യയുടെ ആഹ്വാനം. തീവ്രഹിന്ദുത്വ സംഘടനയായ ഹിന്ദു ജാഗരണ വേദികെയുടെ ശിവമോഗയിലെ തെക്കന്‍ സമ്മേളനത്തിലാണ് എംപിയുടെ കലാപാഹ്വാനം.
'അവര്‍ക്ക് ജിഹാദിന്റെ പാരമ്പര്യമുണ്ട്. ലൗജിഹാദില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അതേരീതിയില്‍ മറുപടി നല്‍കണം. വീട്ടിലേക്ക് നുഴഞ്ഞുകയറുന്നവര്‍ക്ക് ചുട്ടമറുപടി നല്‍കേണ്ടത് നമ്മുടെ അവകാശമാണ്. പച്ചക്കറി അരിയുന്ന കത്തികൊണ്ട് തലയും അരിയാനാകും', പ്രഗ്യാസിംഗ് പറഞ്ഞു. മിഷനറി സ്ഥാപനങ്ങളില്‍ കുട്ടികളെ പഠിപ്പിക്കുന്നത് രാജ്യത്തിന്റെ സംസ്കാരം നഷ്ടപ്പെടുത്തുമെന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു.