മകളെ ബലാത്സംഗം ചെയ്ത് ശിക്ഷ അനുഭവിച്ച യുവാവിനെ മകള്‍ പ്രണയിക്കുന്നുണ്ടെന്ന് അറിഞ്ഞ അമ്മ മകളോട് അതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇതോടെ അമ്മയോട് ശത്രുത തോന്നിയ മകളും കാമുകനും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തി.
മധ്യപ്രദേശിലെ ഭിന്ദില്‍ സ്വദേശിയായ യുവതിയെ ആണ് ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയത്. 17 കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പേയി ബലാത്സംഗം ചെയ്ത കേസിലെ പ്രതി ശിക്ഷ അനുഭവിച്ച് ഈ അടുത്താണ് ജയില്‍ മോചിതനായത്. ശേഷമായിരുന്നു പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
മമ്ത കുശ്വാഹ എന്ന സ്ത്രീയും മകളും ആയിരുന്നു താമസിച്ചിരുന്നത്. മകളെ ബലാത്സംഗം ചെയ്ത ആള്‍ ജയില്‍ മോചിതനായ ശേഷം നിരന്തരം ഫോണ്‍ ചെയ്താണ് പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്നത്. എന്നാല്‍ ഇതിനെതിരെ അമ്മ എതിര്‍പ്പുമായി രംഗത്തു വനു. ഇതില്‍ പ്രകോപിതരായാണ് പെണ്‍കുട്ടിയും കാമുകനും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്താനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു. അമ്മയുടെ എതിര്‍പ്പ് പ്രശ്നമായതോടെ കാമുകന്റെ സഹായത്തോടെ മകള്‍ അമ്മയെ കൊല ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഗ്വാളിയോറിലെ വാടകവീട്ടില്‍ പെണ്‍കുട്ടിയും അമ്മയും തനിച്ചായിരുന്നു താമസം. ഇതറിയാമായിരുന്ന കാമുകന്‍ പെണ്‍കുട്ടിയുടെ സമ്മതത്തോടെ അവിടെ എത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് അമ്മയെ ആദ്യം കഴുത്തു ഞെരിച്ച് അബോധാവസ്ഥയിലാക്കിയെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് അവരെ കുത്തി കൊലപ്പെടുത്തി. മമ്തയുടെ ശരീരത്തില്‍ നിരവധി തവണ കുത്തേറ്റതായാണ് സ്ഥലത്ത് പരിശോധനക്കായി എത്തിയ പോലീസ് പറഞ്ഞത്.
മരിച്ചു എന്ന് ഉറപ്പാക്കിയതിനു ശേഷം ഇവര്‍ മമ്തയുടെ ശരീരം കട്ടിലിനടിയില്‍ ഒളിപ്പിച്ചു. തുടര്‍ന്ന് രാത്രി മുഴുവന്‍ അവര്‍ ഇരുവരും അവിടെ താമസിച്ചു. നേരം പുലര്‍ന്നപ്പോള്‍ ആര്‍ക്കും സംശയം തോന്നാത്ത വിധം അവിടെനിന്നും രക്ഷപ്പെടുകയായിരുന്നു. വീടിനു പുറത്ത് ആരെയും കാണാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ വീട്ടുടമസ്ഥനാണ് പോലീസില്‍ വിവരമറിയിച്ചത്. പോലീസ് സ്ഥലത്തെത്തി വീട് പരിശോധിച്ചപ്പോഴാണ് കട്ടിലിനടിയില്‍ നിന്നും മമ്തയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി കുറ്റം സമ്മതിച്ചു. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം നടത്തി വരികയാണ് എന്നാണ് പോലീസ് നല്‍കുന്ന വിവരം.