കഠിനംകുളത്ത് മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തത് പലിശക്കുരുക്കില്‍ നിന്ന് കരകയറാന്‍ കഴിയാത്തതിനെ തുടര്‍ന്നെന്ന് പൊലീസ്. പടിഞ്ഞാറ്റുമുക്ക് രമേശന് (48), ഭാര്യ സുലജ കുമാരി (46), മകള്‍ രേഷ്മ (23) എന്നിവരാണ് മരിച്ചത്. കിടപ്പുമുറിയില്‍ തീ കൊളുത്തി മരിച്ചനിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അടുത്തമുറിയില്‍ സുലജ കുമാരിയുടെ മാതാപിതാക്കളുണ്ടായിരുന്നു. കഠിനംകുളത്താണ് സംഭവം. രമേശന് ഇന്നലെയാണ് ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയെത്തിയത്.
അര്‍ദ്ധരാത്രി 12 മണിയോടെ മുറിയിലെ ചില്ലുകള്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട അയല്‍വാസികള്‍ മുറിയില്‍ നിന്നും തീ ആളിപ്പടരുന്നത് കണ്ടു. ഉടന്‍ വീട്ടിലെത്തിയെങ്കിലും അകത്ത് നിന്നും പൂട്ടിയിരുന്നു. മുന്‍ വാതില്‍ തകര്‍ത്ത് അകത്തെത്തിയെങ്കിലും കിടപ്പുമുറിയിലെ വാതില്‍ അലമാരയടക്കം വച്ച് കടക്കാനാകാത്ത വിധം ബന്ധിച്ചിരുന്നു. ജനാല വഴി അകത്തേക്ക് വെളളമൊഴിച്ചെങ്കിലും മൂവരു വൈകാതെ മരിച്ചു.
രമേശന്റെ മൃതദേഹം മുറിയില്‍ നിലത്തും സുലജ കുമാരിയുടെയും രേഷ്മയുടെയും മൃതദേഹം കട്ടിലിലുമായിരുന്നു ഉണ്ടായിരുന്നത്. മകന് തമിഴ്നാട്ടില്‍ ചെണ്ടമേളത്തിന് പോയിരിക്കുകയായിരുന്നു.
മരിച്ച രമേശന് പലരില്‍ നിന്നായി പലിശക്ക് പണം കടം വാങ്ങിയിരുന്നു. തുടര്‍ന്ന് ലക്ഷങ്ങളുടെ കടമായി. വീടും സ്ഥലവും വിറ്റ് കടം തീര്‍ക്കാന്‍ ശ്രമിച്ചിട്ടും നടന്നില്ല. ലോണെടുത്ത് കടം വീട്ടാനുള്ള ശ്രമവും പരാജയപ്പെട്ടു. പലിശക്കാര്‍ വീടും സ്ഥലവും ഈട് കാണിച്ച് കേസിന് പോയി. ഇതിന് പിന്നാലെയായിരുന്നു ഇന്നലെ ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെ രമേശനും ഭാര്യയും മകളും ആത്മഹത്യ ചെയ്തത്.